ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ തിരുവാഭാരണ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ രണ്ട് ജാമ്യാപേക്ഷകളും തള്ളി. ഈ ഘട്ടത്തില്‍ ജാമ്യം നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ശബരിമല സ്വര്‍ണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുന്‍ തിരുവാഭാരണ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്. നിലവില്‍ കേസ് അന്വേഷണം പൂര്‍ത്തിയായില്ലെന്നും ഈ ഘട്ടത്തില്‍ പ്രതിയ്ക്ക് ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. പ്രോസിക്യൂഷന് വാദം പരിഗണിച്ച കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതേസമയം, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളി കടത്തിയ കേസില്‍ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ എസ് ബൈജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ദേവസ്വം ബോര്‍ഡ് അനുമതിയോടെയാണ് സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയതെന്ന് കെ എസ് ബൈജു ആവര്‍ത്തിച്ചു. തന്ത്രിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനം എടുത്തു. ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി തന്ത്രിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തവരുത്താനും അന്വേഷണസംഘം തീരുമാനമെടുത്തു. ഡിസംബര്‍ അഞ്ച് വരെ കെ എസ് ബൈജുവിനെ റിമാന്റ് ചെയ്തു. കേസില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ അടുത്ത മാസം മൂന്നിലേക്ക് മാറ്റി.



Be the first to comment