ഡല്‍ഹി സ്‌ഫോടനം: പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കൊടിക്കുന്നില്‍ സുരേഷ്; ‘രാജ്യസുരക്ഷ ചോദ്യം ചെയ്യപ്പെട്ടു’

ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. രാജ്യതലസ്ഥാനത്തുതന്നെ തീവ്രവാദികള്‍ കടന്നുകയറി ഇത്തരമൊരു ആക്രമണം നടത്തുന്ന സാഹചര്യം എങ്ങനെയുണ്ടായെന്ന് ആഭ്യന്തര മന്ത്രി പറയണമെന്ന് കൊടിക്കുന്നില്‍ സുരേഷ്  പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സഭയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപി ഡല്‍ഹിയില്‍ പ്രതികരിച്ചത്.

ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐആറില്‍ വിശദമായ ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. നിരവധി ബിഎല്‍ഒമാരാണ് പലയിടങ്ങളിലായി ആത്മഹത്യ ചെയ്തത്. എസ്‌ഐആറിന്മേല്‍ വിശദമായ ചര്‍ച്ച ഇരുസഭകളിലും വേണമെന്നതാണ് തങ്ങളുടെ ആവശ്യം. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ഭരണപക്ഷത്തിന്റെ താല്പര്യത്തിനെതാണ് സഭ നടപടികളെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ഉയര്‍ത്തുന്ന ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. പ്രതിപക്ഷം സഹകരിച്ചാല്‍ ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്ന് ഇന്നലത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഭരണപക്ഷം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌ഐആറിനും ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിനും പുറമേ വായു മലിനീകരണം, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷമുയര്‍ത്തും. കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടത്താതെ ബില്ലുകള്‍ കേന്ദ്രം പാസാക്കി.പാര്‍ലമെന്റിലേക്ക് വരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് വേണ്ടതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*