ഏകാദശി നിറവിൽ ഗുരുപവനപുരി. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ

തൃശൂർ: ഏകാദശി നിറവിൽ ഗുരുപവനപുരി. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ. വിശേഷാൽ ദിവസം ഭഗവാനെ ദർശിക്കാൻ എത്തിയ ഭക്തജനങ്ങളുടെ വൻ തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെട്ടത്.

വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ദശമി ദിവസത്തിൽ പുലർച്ചെ മൂന്നിന് തുറന്ന നട നാളെ രാവിലെയാവും അടയ്ക്കുക. സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്‌തമയ പൂജയോടെയാണ് ഇത്തവണ ഏകാദശി ആഘോഷിക്കുന്നത്.

ദേവസ്വം നേരിട്ട് എത്തി വിളക്കാഘോഷം നടത്തും. ഓരോ അഞ്ച് പൂജകൾക്ക് ശേഷവും ഒരു മണിക്കൂർ തുടർച്ചയായി ഭക്തർക്ക് ദർശനം അനുവദിക്കും. 53 മണിക്കൂർ നട തുറന്നിരിക്കുന്നതിനാൽ പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെയുള്ള സ്പെഷ്യൽ ക്യു ഒഴിവാക്കി. ഏകാദശി ദർശനത്തിന് ക്യു നിൽക്കുന്നവർക്ക് മുൻഗണന നൽകുന്നുണ്ട്.

രാവിലെ ആറരയ്ക്ക് പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ രഥം എഴുന്നള്ളിപ്പുണ്ടാകും. രാവിലെ 5 മുതല്‍ വൈകീട്ട് 5 വരെ വിഐപികള്‍ ഉള്‍പ്പെടെയുള്ളവർക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാത്രി 12 മണിക്ക് തുറക്കുന്ന ക്ഷേത്രനട കാലത്ത് അടയ്‌ക്കും വരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. വ്രതം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭക്തര്‍ വേദജ്ഞര്‍ക്ക് ദക്ഷിണ സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ദ്വാദശി ദിവസം കാലത്ത് എട്ട് വരെ മാത്രമേ ദർശനം സാധ്യമാവുകയുള്ളൂ. രാവിലെ 7 മുതല്‍ 11 വരെ അന്നലക്ഷ്‌മി ഹാളില്‍ വച്ച് ദ്വാദശി ഊട്ട് നടക്കും.

ഏകാദശമി പരിപാടികൾ

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്‌മരണത്തിൻ്റെ ഭാഗമായി ഇന്ന് രാവിലെ 7ന് തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്ന് ഗജഘോഷയാത്ര നടന്നു. അന്ന ലക്ഷ്‌മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9ന് പ്രസാദ ഊട്ടുമുണ്ടായി. കുറൂരമ്മ ഹാളില്‍ ഏകാദശി സുവര്‍ണ മുദ്ര അക്ഷരശ്ലോക മത്സരം ഉച്ചയ്ക്ക് 1മണിക്ക് നടക്കും.

15 ദിവസമായി തുടരുന്ന ചെമ്പൈ സംഗീതോത്സവം നാളെ രാത്രി സമാപിക്കും. രാത്രി 8.30ന് സംഗീതോത്സവത്തിലെ അണിയറ പ്രവര്‍ത്തകരെ ആദരിക്കും. ഏകാദശിയോട് അനുബന്ധിച്ച് ദശമി വിളക്ക്, പഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയ പരിപാടികളും നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*