‘പരാതിക്കാരിയുടെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തിയിട്ടില്ല, അപ്രഖ്യാപിത സർസംഘചാലക് പിണറായിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ല’: സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ കേസിനെതിരെ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്തെത്തി. രാഷ്‌ട്രീയ പ്രേരിതമായി എടുത്തിരിക്കുന്ന കള്ളക്കേസാണ് ഇതെന്നും പരാതിക്കാരിയുടെ ഐഡന്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഒരു വർഷം മുൻപ് വിവാഹത്തിൽ പങ്കെടുത്തപ്പോൾ ഇട്ട ഫോട്ടോ മറ്റ് ചിലർ ദുരുപയോഗം ചെയ്‌ത പേരിൽ തനിക്കെതിരെയെടുത്ത കേസ് നിയമപരമായി നേരിടും. ശബരിമല സ്വർണപ്പാളി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മൂന്നാംകിട തന്ത്രമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് സന്ദീപ് ആരോപിച്ചു. അപ്രഖ്യാപിത സർസംഘചാലക് പിണറായിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

കെപിസിസി ജനറൽ സെക്രട്ടറിയായ സന്ദീപ് വാര്യർക്ക് പുറമേ ദീപ ജോസഫ്,​ രഞ്ജിത പുളിക്കൻ എന്നിവരും കേസിൽ പ്രതികളാണ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയാണ് ഒന്നാം പ്രതി,​ സുപ്രീം കോടതി അഭിഭാഷകയായ ദീപാ ജോസഫ് രണ്ടാം പ്രതി,​ സന്ദീപ് വാര്യർ നാലാം പ്രതി. അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ കഴി‍ഞ്ഞദിവസം അറസ്റ്റ് ചെയ്‌തിരുന്നു.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

ഒരു തരത്തിലും നീതീകരിക്കാനാവാത്ത കള്ളക്കേസ് ആണ് രാഷ്ട്രീയ പ്രേരിതമായി എടുത്തിരിക്കുന്നത്. ഒരിക്കൽ പോലും പരാതിക്കാരിയുടെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തിയിട്ടില്ല. ഒരു വർഷം മുമ്പ് വിവാഹത്തിൽ പങ്കെടുത്തപ്പോൾ അക്കാലത്ത് ഇട്ട ഫോട്ടോ മറ്റു ചിലർ ദുരുപയോഗിച്ചതിൻ്റെ പേരിൽ എനിക്കെതിരെ എടുത്ത കള്ളക്കേസിനെ നിയമപരമായി നേരിടും. നീതിക്ക് വേണ്ടി ഇന്ന് തന്നെ ബഹു നീതിന്യായ പീഠത്തെ സമീപിക്കും.
ശബരിമല സ്വർണ്ണപ്പാളി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മൂന്നാം കിട തന്ത്രമാണ് പിണറായി സർക്കാർ നടത്തുന്നത്. അപ്രഖ്യാപിത സർസംഘചാലക് പിണറായിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് ഇത് കൊണ്ടൊന്നും പിന്മാറാൻ ഉദ്ദേശിക്കുന്നില്ല .

Be the first to comment

Leave a Reply

Your email address will not be published.


*