കൊല്ലം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ഇഡി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മസാല ബോണ്ടിന് പിന്നില്‍ അഴിമതിയും ദുരൂഹതയും ഭരണഘടനാപരമായ പാളിച്ചകളുമുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇഡി നോട്ടീസ് അയച്ചതിന് പിന്നില്‍ എന്തെന്ന് അറിയില്ല. സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഇഡി ഒന്നും ചെയ്യില്ലെന്നും പേടിപ്പിക്കുക മാത്രമേ ചെയ്യൂവെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ കേന്ദ്ര ഏജന്‍സികളുടെ എല്ലാ അന്വേഷണങ്ങളും ഇത്തരത്തില്‍ സെറ്റില്‍ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കരുവന്നൂര്‍ ബാങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്തും ഇത്തരത്തില്‍ ഇഡി നോട്ടീസ് അയച്ചിരുന്നു.
തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതായിരുന്നു ആ നോട്ടീസെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇപ്പോള്‍ നോട്ടീസ് അയച്ചത് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഒന്ന് പേടിപ്പിക്കുന്നതിനുവേണ്ടി മാത്രമാണ്. ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ എതിരാളികളെ ഇഡി വേട്ടയാടുമ്പോള്‍ ഇവിടെ നോട്ടീസ് അയച്ച് ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.



Be the first to comment