കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവും തദ്ദേശ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ആദ്യമായല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഒരു കാരണവശാലും മാറ്റിവെക്കാന്‍ ആകില്ല. കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം എസ്‌ഐആര്‍ ജോലി ഭാരം കൊണ്ടാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര തെഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
വോട്ടര്‍ പട്ടിക പരിഷ്‌കരണവും കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. 2020 ല്‍ തദ്ദേശ തെരഞ്ഞെടുപ്പും സ്പെഷ്യല്‍ സമ്മറി റിവിഷനും ഒരുമിച്ചാണ് നടന്നത്. സ്പെഷ്യല്‍ സമ്മറി റിവിഷനില്‍ എന്യുമറേഷന്‍ ഒഴികെ എസ്‌ഐആറില്‍ നടക്കുന്ന എല്ലാ നടപടികളും ഉണ്ട്. നിലവില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കാരണം സംസ്ഥാന ഭരണം സ്തംഭനാവസ്ഥയില്‍ എത്തുമെന്ന വാദം തെറ്റാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം രാഷ്ട്രീയവത്ക്കരിക്കുകയാണ്. ജോലി സമ്മര്‍ദ്ദം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാന്‍ ഒരു രേഖയുമില്ല. എസ്‌ഐആറിന് എതിരായ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ പിഴയോടെ തള്ളണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.



Be the first to comment