കിഫ്ബി മസാല ബോണ്ട് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍: കിഫ്ബി മസാല ബോണ്ട് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മസാലബോണ്ട് വിഷയത്തില്‍ നിരവധി ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഒരു ഉത്തരവും നല്‍കിയില്ല. ലണ്ടനില്‍ പോയി പണം എന്തിന് സമാഹരിച്ചതെന്നും എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി കടമെടുത്തില്ലെന്നതിനടക്കം മറുപടിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

‘ആര്‍ബിഐയുടെ അനുമതി എടുക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടി. ഇഡി നോട്ടീസ് തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പറയുന്നത് ശ്രദ്ധ തിരിക്കാനുള്ള വാദം മാത്രമാണ്. അന്വേഷണ ഏജന്‍സികളുടെ നടപടിയെ വേഗത്തില്‍ ആക്കാനോ സാവധാനത്തില്‍ ആക്കാനോ കേന്ദ്രസര്‍ക്കാരിനാവില്ല. സാമ്പത്തിക തട്ടിപ്പ് പിടിച്ചാല്‍ അത് രാഷ്ട്രീയമാണെന്ന് പറയുന്നത് രാഷ്ട്രീയ തന്ത്രമാണെന്നും’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് കേസില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഇഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*