ലണ്ടൻ: പ്രമുഖ മലയാളി ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ബിന്റോ സൈമണിന് ഇരട്ട പുരസ്കാരത്തിളക്കം. യുകെയിലെ വിദ്യാർഥികൾക്ക് മികച്ച പഠന പിന്തുണയും നൂതനമായ അധ്യാപന രീതികളും നൽകി വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകുന്ന മികച്ച സംഭാവനകളെ മാനിച്ച് ബ്രിട്ടിഷ് പാർലമെന്റ് നൽകുന്ന ‘എമർജിങ് എജ്യുക്കേറ്റർ’ (Emerging Educator Award) പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ബ്രിട്ടിഷ് പാർലമെന്റ് പുരസ്കാരത്തിന് പുറമെ, സ്വിറ്റ്സർലൻഡിൽ നിന്നും ‘ബെസ്റ്റ് ഇന്നൊവേറ്റീവ് എജ്യുക്കേറ്റർ’ (Best Innovative Educator Award) പുരസ്കാരവും ഡോ. ബിന്റോ സൈമൺ കരസ്ഥമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സർവകലാശാലയിൽ (University of Manchester) നിന്നും പിഎച്ച്ഡി (PhD) കരസ്ഥമാക്കിയ അദ്ദേഹം, എച്ച്ഐവി (HIV-1 mRNA) ചികിത്സാ രംഗത്ത് നിർണായകമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പ്രഫസർ ഡേവിഡ് ബെറിഫോർഡിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. തുടർന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ (UCL) സ്കൂൾ ഓഫ് ഫാർമസിയിൽ പോസ്റ്റ്-ഡോക്ടറൽ ഫെല്ലോ ആയി ജോലി ചെയ്യവേ, ഓക്സ്ഫോർഡ് സർവകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലൈക്കോബയോളജി, കാൻസർ റിസർച്ച് യുകെ തുടങ്ങിയ ലോകപ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചു. കൂടാതെ, ഡേറ്റാലേസ് (DataLase) എന്ന പ്രമുഖ കമ്പനിയിൽ റിസർച്ച് സയന്റിസ്റ്റ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ഗവേഷണ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം വരുംതലമുറയെ വാർത്തെടുക്കുന്നത്.



Be the first to comment