‘ഇമ്രാൻ ഖാൻ ജീവനോടെയുണ്ട്; സഹോദരന്റെ ദുരവസ്ഥക്ക് കാരണം അസിം മുനീർ’; സഹോദരി ഉസ്മ

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി. റാവൽപിണ്ടിയിലെ അഡിയാല ജയിലിലെത്തി ഇമ്രാൻ ഖാനെ നേരിൽ കണ്ടതിനു ശേഷമാണ് സഹോദരി ഉസ്മയുടെപ്രതികരണം. ഇമ്രാൻ ഖാന് ജയിലിൽ മാനസിക പീഡനം നേരിടേണ്ടി വന്നു എന്നും തന്റെ സഹോദരന്റെ ദുരവസ്ഥക്ക് കാരണം പാകിസ്താൻ സൈനിക മേധാവി അസിം മുനീറാണെന്നും ഉസ്മ കുറ്റപ്പെടുത്തി.

“അദ്ദേഹം സുഖമായിരിക്കുന്നു, ആരോഗ്യവാനാണ്, ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം സുഖമായിരിക്കുന്നു, പക്ഷേ വളരെ ദേഷ്യത്തിലാണ്. അവർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരുമായും ആശയവിനിമയം നടത്താൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു” സഹോദരി ഉസ്മ പറഞ്ഞു. ഇമ്രാൻ ഖാന്റെ സഹോദരിമാരും അവരുടെ അനുയായികളും അഡിയാല ജയിലിന് പുറത്ത് പ്രകടനം നടത്തി. പ്രതിഷേധത്തെ തുടർന്ന് ജയിലിനു ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.

ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മരണപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതോടെ പാകിസ്താനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. അഭ്യൂഹങ്ങൾ ശക്തമായതോടെ ഇമ്രാൻ ഖാൻറെ ആയിരക്കണക്കിന് അനുയായികൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതിന് പിന്നാലെയയിരുന്നു പ്രതിഷേധം ഉയർന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*