തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി വേഗത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനിലാണ്. തെറ്റു തിരുത്താനുള്ള മാര്‍ഗമായാണ് സസ്‌പെന്‍ഷന്‍ നടപടി പാര്‍ട്ടി അനുവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ തെറ്റുതിരുത്തലിന് സാധ്യതയില്ല. അതുകൊണ്ടു തന്നെ ശ്കതമായ നടപടിയുണ്ടാകും. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. കെ മുരളീധരന്‍ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേയോ മുമ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നിലുണ്ട്. രാഹുല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തലത്തില്‍ കൂടി അന്വേഷണം നടത്തിയേനേ. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്‌പെന്‍ഷനിലായതിനാല്‍ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നുവെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ സ്ഥാനത്തു തുടരണോ എന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പൊക്കിള്‍ കൊടി ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു. അതിനാല്‍ ഇനി അതില്‍ ഒരു ഉത്തരവാദിത്തവുമില്ല. സാഹചര്യങ്ങള്‍ പരിശോധിച്ച് എംഎല്‍എ സ്ഥാനത്തു തുടരണോ വേണ്ടയോ എന്ന് സ്പീക്കര്‍ തീരുമാനിക്കട്ടെ. എംഎല്‍എ സ്ഥാനം പാര്‍ട്ടി നല്‍കിയ പദവിയാണെങ്കിലും, പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കാത്തയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടി ഏല്‍പ്പിച്ചത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്, അല്ലാതെ മതില്‍ ചാടാനല്ല എന്നും കെ മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി ഓരോ സ്ഥാനാര്‍ത്ഥികളെയും തീരുമാനിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി, ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന വ്യക്തി, ഇവര്‍ക്കൊന്നും ഇമ്മാതിരി പ്രവര്‍ത്തിക്കാനാകില്ല. കാരണം ഒരുപാട് ഔദ്യോഗിക ജോലികളും പാര്‍ട്ടി ജോലികളും അവര്‍ക്കുണ്ട്. ഇപ്പോള്‍ പറയപ്പെടുന്ന കാര്യങ്ങളൊക്കെ ചെയ്തുവെങ്കില്‍ പൊതു രംഗത്ത് എന്നല്ല ഒരു രംഗത്തും തുടരാന്‍ അര്‍ഹനല്ല. രാഹുലിനെ തിരിച്ചറിയാന്‍ പാര്‍ട്ടി വൈകിയോയെന്ന ചോദ്യത്തിന്, ആരുടെയും മനസ്സ് കാമറ വെച്ച് പരിശോധിക്കാനാകില്ലല്ലോ എന്നും കെ മുരളീധരന്‍ പറഞ്ഞു.
ഇനി പുകഞ്ഞ കൊള്ളി പുരത്തു തന്നെ. ആ പുകഞ്ഞ കൊള്ളിയോട് സ്‌നേഹം ഉള്ളവര്‍ക്കും പുറത്തുപോകാം. കോണ്‍ഗ്രസിന് മറ്റു പാര്‍ട്ടികളുടെ കാര്യം നോക്കേണ്ടതില്ല. അതു ജനങ്ങള്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോഴും, പാര്‍ട്ടി നിലപാടിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, പൊതു സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കാനും പാടില്ല. അങ്ങനെയുണ്ടായാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സദാചാരം അത്യാവശ്യമാണ്. പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടിയുടെ സല്‍പ്പേരും നിലനിര്‍ത്തുക എന്നത് പൊതു രംഗത്തു നില്‍ക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.



Be the first to comment