ന്യൂഡല്‍ഹി:റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ഇന്ന് ആരംഭിക്കും. അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച ആറംഗ സമിതിയുടെ തീരുമാനം വെള്ളിയാഴ്ച ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കും.
പലിശ സംബന്ധിച്ച് റിസര്‍വ് ബാങ്ക് എന്തു തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച് ആകാംക്ഷയിലാണ് സാമ്പത്തിക ലോകം. പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയേക്കുമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നത്. ചില്ലറ വില്‍പ്പന വിലയെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പനിരക്ക് ഒക്ടോബറില്‍ താഴ്ന്ന നിലവാരത്തില്‍ എത്തി റെക്കോര്‍ഡ് ഇട്ടിരുന്നു. 0.25 ശതമാനമായാണ് താഴ്ന്നത്. ഈ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവുമെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് അനുമാനങ്ങളെ കടത്തിവെട്ടിയ പശ്ചാത്തലത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നും വിലയിരുത്തലുണ്ട്.
സാധാരണ വിലക്കയറ്റത്തോത് കുറയുമ്പോള്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്. എന്നാല്‍ രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച ഉണ്ടാവുമ്പോള്‍ പൊതുവേ പലിശനിരക്ക് കുറയ്‌ക്കേണ്ട സാഹചര്യമില്ല. ഈ പശ്ചാത്തലത്തില്‍ പണനയ സമിതി എന്തു തീരുമാനം എടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.



Be the first to comment