ലൈംഗിക പീഡന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നടപടി ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ ആദ്യം വാര്‍ത്ത വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അതുകൊണ്ട് രാഹുല്‍ തങ്ങളോടൊപ്പമല്ല നിയമസഭയില്‍ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ എന്നതാണ് കോണ്‍ഗ്രസ് ഇതുവരെ കൈക്കൊണ്ട നിലപാട്. ഇനിയും ആ നിലപാടുതന്നെ തുടരും. കോണ്‍ഗ്രസിന് കോടതിയും പൊലീസും ഇല്ല. ഇവിടത്തെ നിയമസംവിധാനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ രാഹുലിനെതിരെ തനിക്ക് പരാതികള്‍ വന്നിട്ടില്ല. ഇന്നലെയാണ് കൃത്യമായൊരു പരാതി വന്നത്. അതില്‍ പേരോ സ്ഥലമോ ഒന്നും ഇല്ലാതിരുന്നിട്ടും താനത് ഡി.ജി.പിക്ക് കൈമാറുകയാണ് ചെയ്തത്. പരാതിക്കാരിക്ക് മറുപടിയും അയച്ചു. ആദ്യം ലഭിച്ച പരാതി, മുഖ്യമന്ത്രിക്ക് ലഭിച്ച ശേഷമാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പ്രതികളെ ഭരണത്തിന്റെ ബലത്തിലും പാര്‍ട്ടിയുടെ തണലിലും സംരക്ഷിക്കുമ്പോള്‍ ഞങ്ങള്‍ പരാതി വന്നയുടന്‍ ഉചിതമായ നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ തുടര്‍നടപടികള്‍ ആലോചിച്ച് ചെയ്യും. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടത് വ്യക്തിയാണ്. പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തയാള്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടിയുടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുപ്പിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.



Be the first to comment