രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി; ജാമ്യാപേക്ഷയിൽ തുടര്‍വാദം നാളെ

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. രാഹുലിന്റെ മുൻകൂർ ജാമ്യേപക്ഷയിൽ നാളെയും വാദം തുടരും. ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എസ്ഐടി പറഞ്ഞു.രാഹുലിനെതിരെ കൂടുതൽ പരാതികളുണ്ടെന്നും സ്ഥിരം കുറ്റവാളിയെന്നുമാണ് വാദം.എന്നാൽ പരാതി വ്യാജമാണെന്നും ശബരിമല സ്വർണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം രാഹുലിനെതിരായ പുതിയ പീഡന പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

ഇതിനിടെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജയിലിൽ നിരാഹാര സമരം നടത്തുന്നത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനും വഴങ്ങാതെ കെപിസിസി നേതൃത്വം. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വരെ നടപടി വൈകിപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം എന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ നടപടി ഒഴിവാക്കാമെന്ന വിലയിരുത്തലിലാണ് വൈകിപ്പിക്കല്‍. നടപടി എടുക്കണമെന്ന് ഇന്നലെ രാത്രി തന്നെ കെസി വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെപിസിസി നേതൃത്വത്തിലെ ഗ്രൂപ്പ് താല്‍പര്യങ്ങളും നടപടി നീളാന്‍ കാരണമായിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*