നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നേമത്ത് നിന്നാണെന്ന് അദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കൾ എല്ലാവരും മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് കഴിഞ്ഞദിവസമാണ് രാജീവ് ചന്ദ്രശേഖർ സ്ഥിരീകരിച്ചത്. തൃശൂർ പ്രസ ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു അദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് താൻ മത്സരിക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനം നൂറ് ശതമാനം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുകയായിരുന്നു.
സംസ്ഥാനത്ത് നിയമസഭയിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് നേമത്ത് നിന്നായിരുന്നു. 2016ലാണ് ബിജെപി നേതാവ് ഒ രാജഗോപാൽ നേമത്ത് മത്സരിച്ച് ജയിച്ചത്. എന്നാൽ 2021ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐഎം സീറ്റ് തിരിച്ചുപിടിക്കുകയായിരുന്നു. കുമ്മനം രാജശേഖരനായിരുന്നു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നത്. സിപിഐഎം സ്ഥാനാർഥിയായ വി ശിവൻകുട്ടിയോടായിരുന്നു കുമ്മനം രാജശേഖരൻ പരാജയപ്പെട്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രാജീവ് ചന്ദ്രശേഖറായിരുന്നു അന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നത്. രാജീവ് ചന്ദ്രശേഖർ നേമത്ത് ലീഡ് ചെയ്തിരുന്നു.



Be the first to comment