രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയിൽ കേസെടുത്ത് പോലീസ്. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസും അന്വേഷിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ലഭിച്ച പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഈ പരാതി സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയുമായിരുന്നു.
ബെംഗളൂരുവിൽ പഠിക്കുന്ന 23കാരിയാണ് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷന് പരാതി ഇ-മെയിൽ മുഖാന്തരം നൽകിയത്. യുവതിയെ കേരളത്തിലേക്കെത്തിച്ച് ആളൊഴിഞ്ഞ റിസോർട്ടിൽ എത്തിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ഫെനി നൈനാനെതിരെയും പരാതിയിൽ ആക്ഷേപം ഉയർന്നിരുന്നു. ഫെനി നൈനാനാണ് കാറിൽ തന്നെ റിസോർട്ടിൽ എത്തിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.കേസിൽ ഫെനി നൈനാനും പ്രതിയാകും. നിലവിൽ ഫെനി തദ്ദേശ തിരഞ്ഞെടുപ്പിൽ അടൂരിൽ സ്ഥാനാർഥിയായി മത്സരിക്കുകയാണ്.
രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്കാണ് ആദ്യം യുവതി പരാതി നൽകിയിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് പെൺകുട്ടികളെ ഉപയോഗിക്കുന്ന വേട്ടക്കാരനെന്ന് പരാതിയിൽ പറയുന്നുണ്ട്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ ബലാത്സംഗ കേസാണിത്. ബലാത്സംഗ ഭ്രൂണഹത്യ കേസാണ് ആദ്യത്തേത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ നാളെയും വാദം തുടരും. ബലാത്സംഗത്തിനും ഗർഭഛിദ്രത്തിനും രാഹുലിനെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ലൈംഗികപീഡന- ഭ്രൂണഹത്യാ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.



Be the first to comment