ദോശ കല്ലില്‍ ഒട്ടിപ്പിടിക്കുന്നത് പതിവാണോ? എങ്കിൽ ഇനി ഇങ്ങനൊന്ന് ചുട്ടു നോക്കൂ

ദോശ ഉണ്ടാക്കുമ്പോൾ കല്ലിൽ ഒട്ടിപിടിക്കുന്നത് പതിവാണോ? തിരക്കുപിടിച്ച ദിവസങ്ങളിൽ ഇത് ഒരു വെല്ലുവിളിയാകാം. എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല. കല്ലിൽ ഒട്ടിപിടിക്കാതെ ദോശ എടുക്കാനുള്ള ടിപ്സ് ഇതാ.

ദോശ ചുടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യം തന്നെ ദോശക്കല്ലു നന്നായി വെള്ളത്തിൽ കഴുകി എടുക്കുക എന്നതാണ് പ്രധാനം.

  • ദോശമാവ് കല്ലിൽ ഒഴിക്കുന്നതിന് മുൻപ്, ദോശക്കല്ല് അടുപ്പിൽ വെച്ച് നന്നായി ചൂടാക്കണം. കുറച്ച് വെള്ളത്തിൽ അൽപ്പം എണ്ണ ചേർത്ത് കല്ലിൽ ഒന്നു തളിച്ച ശേഷം തീ കുറയ്ക്കാം. മറ്റൊരു കോട്ടൺ തുണിയിൽ വാളൻപുളി പൊതിഞ്ഞെടുക്കാം. അതുപയോഗിച്ച് ദോശക്കല്ല് തുടച്ച് മാവ് ഒഴിച്ച് പരത്തിയെടുക്കാം. മാവ് നന്നായി വെന്തു വരുന്നതു വരെ കാത്തിരിക്കാം. ശേഷം മറിച്ചിടാം. ഈ രീതിയിൽ ദോശ ചുടുന്നത് കല്ലിൽ ഒട്ടിപ്പിക്കില്ല.
  • ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലിൽ തേച്ചു കൊടുക്കുക. ശേഷം ദോശ കല്ലിൽ പരത്തി കൊടുക്കാവുന്നതാണ്. ദോശ നന്നായി വെന്ത ശേഷം, കല്ലില്‍ ഒട്ടിപിടിക്കാതെ ദോശ മറിച്ചിടാം.
  • സവാള തൊലി കളയാതെ രണ്ടായി മുറിച്ച ശേഷം ഒരു കഷ്ണത്തിൽ ഫോർക് കുത്തി കൊടുക്കുക. ചൂടായ ദോശക്കല്ലിൽ സവാള തേച്ചു കൊടുത്ത ശേഷം ദോശ പരത്തുക. നല്ല ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഉണ്ടാക്കി എടുക്കുവാൻ സാധിക്കും.

ദോശ മാവ് പെർഫക്ടായി കിട്ടാൻ

  • ദോശമാവ് അമിതമായി പുളിച്ചു പോയെങ്കിൽ അതിലേയ്ക്ക് കുറച്ച് അരിപ്പൊടി വെള്ളത്തിൽ കലർത്തി ചേർക്കാവുന്നതാണ്.
  • അമിതമായ ചൂട് മാവ് പെട്ടെന്ന് പുളിച്ചു പോകുന്നതിനു കാരണമാകും. അത് ഒഴിവാക്കാന്‍ ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാവ് അതിൽ ഇറക്കി വയ്ക്കുകയോ, ഫ്രിഡ്ജിൽ സൂക്ഷിക്കയോ ആവാം.
  • ഉഴുന്നും ഉലുവയും ചേര്‍ക്കുമ്പോള്‍ കൃത്യമായ അളവു ശ്രദ്ധിക്കണം. ഇവ കൂടിയാല്‍ മാവ് പുളിച്ചു പോകാനുള്ള സാധ്യതയുണ്ട്.
  • മാവ് അമിതമായി പുളിച്ചെന്നു തോന്നിയാൽ കുറച്ച് പഞ്ചാസാര അതിലേയ്ക്കു ചേർക്കാം. ഇത് പുളി രുചി കുറയ്ക്കാൻ സഹായിക്കും.
  • വൃത്തിയായി കഴുകി ഉണക്കിയെടുത്ത പാത്രത്തിൽ മാവ് ഒഴിച്ചു വയ്ക്കാൻ ശ്രദ്ധിക്കാം.

ഇക്കാര്യങ്ങള്‍ മറക്കരുത്

  • കൂടിയ തീയിൽ ദോശ ചുടരുത്
  • കല്ല് ചൂടായൽ ഇടത്തരം തീയിലേയക്ക് മാറ്റിയ ശേഷം ദോശമാവ് ഒഴിക്കുക.
  • ദോശ മാവ് ഒഴിച്ചശേഷം കല്ലി ഒരു പാത്ര വെച്ച് മൂടിവയ്ക്കുന്നത് ദോശ തുല്യമായി വെന്തു കിട്ടാന്‍ സഹായിക്കും.
  • ദോശ മറിച്ചിടുന്നതിനു മുമ്പ് മുകളിൽ കുറച്ച് എണ്ണ പുരട്ടുകയോ ഒഴിക്കുകയോ ചെയ്യാം.
  • ദോശ ചുട്ടുകഴിഞ്ഞാൽ കല്ല് അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം.
  • കല്ല് തണുത്തതിനു ശേഷം മാത്രം അത് കഴുകി വയ്ക്കാം.
  • കഴുകിയില്ലെങ്കിൽ തുടച്ചു വയ്ക്കാൻ മറക്കരുത്.

Be the first to comment

Leave a Reply

Your email address will not be published.


*