നിരന്തരം റദ്ദാക്കലും വൈകലും; ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡൽഹി: ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. കഴിഞ്ഞ ദിവസങ്ങളിലായി ഓട്ടേറെ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ നടപടി. 150 വിമാന സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോ റദ്ദാക്കിയത്. കൂടാതെ ആയിരത്തിലേറെ വിമാനങ്ങൾ വൈകുകയും ചെയ്‌തു.

സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് ഇൻഡിഗോ പറഞ്ഞത്. അതേസമയം ജീവനക്കാരുടെ കുറവാണ് ഇത്തരത്തിൽ ഒരു പ്രശ്‌നത്തിന് കാരണമായതെന്നും റിപ്പോർട്ടുണ്ട്. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതും മണിക്കൂറുകളോളം സർവീസുകൾ വൈകിയതും കാരണം നിരവധി യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ, സാങ്കേതിക തകരാർ, ഷെഡ്യൂൾ മാറ്റങ്ങൾ, യാത്രക്കാരുടെ തിരക്ക്, പുതുക്കിയ ഡ്യൂട്ടി സമയം എന്നിവയടക്കം നിരവധി കാരണങ്ങൾ വിമാനങ്ങൾ വൈകുന്നതിന് കാരണമായെന്ന് ഇൻഡിഗോ അറിയിച്ചു. അതേസമയം ഡ്യൂട്ടി ഓഫ് ടൈം ലിമിറ്റേഷൻ (എഫ്‌ഡിടിഎൽ) എന്ന പുതിയ ചട്ടം ഇൻഡിഗോയിൽ ജീവനക്കാരുടെ കുറവുണ്ടാക്കിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റ് വിമാനങ്ങളിൽ യാത്ര സൗകര്യം ഒരുക്കുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ഫ്ലൈറ്റ് സ്‌റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി പറഞ്ഞു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളത്തിലാണ് ഇൻഡിഗോ സർവീസുകൾ ഏറ്റവും അധികം റദ്ദാക്കിയത്. ഡൽഹിയിൽ മാത്രം റദ്ദാക്കിയത് 60 ലധികം വിമാനങ്ങളാണ്.

മുംബൈയിൽ 32, ബെംഗളൂരുവിൽ 20 സർവീസുകൾ എന്നിവയും റദ്ദാക്കി. ഹൈദരാബാദ്, മുംബൈ, ഗോവ, കൊൽക്കത്ത, ലക്‌നൗ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ബെംഗളൂരുവിലേക്കുള്ള 22 സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. പല സർവീസുകളും ഏഴ്‌ മുതൽ എട്ട് മണിക്കൂർ വരെ വൈകി. മാലി-കൊച്ചി, ബെംഗൂരു-കൊച്ചി, ചെന്നെ-കൊച്ചി, ഹൈദരാബാദ്-കൊച്ചി, അഹമ്മദാബാദ്-കൊച്ചി, ഡൽഹി-കൊച്ചി സർവീസുകളും തിരിച്ചുള്ള ഇൻഡിഗോ സർവീസുകളുമാണ് മണിക്കൂറുകളോളം വൈകിയത്.

ഇന്നലെ (ഡിസംബര്‍ 3) ദുബായ്- കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകിരുന്നു. പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകിയത്. എട്ട് മണിക്കൂറിന് ശേഷവും വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടിരുന്നില്ല. പൈലറ്റിന് അസുഖമായതിനാല്‍ വിമാനം പുറപ്പെടാന്‍ വൈകുമെന്നാണ് ആദ്യം അറിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*