റായ്‌പൂര്‍: രണ്ടാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് നാലുവിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തിൽ പ്രോട്ടീസ് മറികടക്കുകയായിരുന്നു. എയ്‌ഡന്‍ മാർക്രം സെഞ്ചുറി തികച്ചപ്പോൾ മാത്യു ബ്രീറ്റ്‌സ്‌കെയും ഡെവാള്‍ഡ് ബ്രവിസും അർധസെഞ്ചുറി തികച്ചു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1-1). റായ്‌പൂരിലെ മഞ്ഞുമൂടിയ രാത്രിയിൽ വിരാട് കോലിയുടെ സെഞ്ച്വറിയും റുതുരാജ് ഗെയ്ക്‌വാദിന്‍റെ കന്നി സെഞ്ചുറിടക്കം കൂറ്റന്‍ വിജയലക്ഷ്യം നല്‍കിയിട്ടും ദക്ഷിണാഫ്രിക്ക പതറിയില്ല.
അവസാന അഞ്ച് ഓവറുകളിൽ മോശം ഫീൽഡിങ്ങും വേഗത കൂട്ടാൻ കഴിയാത്തതിനും ഇന്ത്യ വലിയ വില നൽകേണ്ടിവന്നു. ഞായറാഴ്‌ച റാഞ്ചിയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 349 റൺസ് വിജയകരമായി പ്രതിരോധിച്ചിരുന്നു. എന്നാൽ ഇത്തവണ അവര്‍ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യയ്‌ക്കെതിരെ ഒരു സന്ദർശക ടീം 350 ൽ കൂടുതൽ റൺസ് പിന്തുടരുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2019 ൽ മൊഹാലിയിൽ ഓസ്‌ട്രേലിയ 359 റൺസ് നേടിയിരുന്നു.
അതേസമയം മറുപടി ബാറ്റിങ്ങില്‍ ഐഡൻ മാർക്രത്തിന്‍റെ 98 പന്തിൽ 110 റൺസും, ഡെവാൾഡ് ബ്രെവിസിന്‍റെ (34 പന്തിൽ 54) മിന്നുന്ന അർധസെഞ്ച്വറിയും, മാത്യു ബ്രീറ്റ്‌സ്‌കെയുടെ (64 പന്തിൽ 68) സ്ഥിരതയുള്ള 68 റൺസുമാണ് ദക്ഷിണാഫ്രിക്കയെ നാല് പന്ത് ബാക്കി നിൽക്കെ ഫിനിഷ് ലൈൻ കടത്തിയത്. 10 ബൗണ്ടറികളും നാല് സിക്‌സറുകളും നേടി മാർക്രം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക് എട്ടുറണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റൻ ടെംബ ബവുമ 48 പന്തിൽ 46 റൺസെടുത്ത് ഭേദപ്പെട്ട നിലയില്‍ തിളങ്ങി. മാർകോ ജാൻസെന്‍ 2 റൺസാണെടുത്തത്. 17 റൺസെടുത്ത് നിൽക്കെ ടോണി ഡി സോർസി റിട്ടയേർഡ് ഹർട്ടായി മടങ്ങി. കോർബിൻ ബോഷും(29) കേശവ് മഹാരാജും(10) റണ്‍സുമെടുത്തു.
നേരത്തേ ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണെടുത്തത്. രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും നാലോവറില്‍ 28 റണ്‍സെടുത്തു. എട്ടു പന്തില്‍ നിന്ന് 14 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. പിന്നാലെ ജയ്‌സ്വാളും കൂടാരം കയറിയതോടെ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്.
ഋതുരാജ് (105), കോലിയും (102) നേടിയ സെഞ്ചുറിയുടെയും കെ.എൽ. രാഹുലിന്‍റെ (66) അർധ സെഞ്ചറിയുടെയും പിൻബലത്തിലാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും 300ന് മുകളിൽ സ്കോർ നേടിയത്. 90 പന്തുകളിൽനിന്നാണ് കോലി തികച്ചത്. ഏകദിന ഫോർമാറ്റിൽ താരത്തിന്‍റെ 53–ാം സെഞ്ചറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 84–ാം സെഞ്ചറി നേട്ടം. ദക്ഷിണാഫ്രിക്കക്കായി മാർകോ ജാൻസെൻ രണ്ടും ലുങ്കി എൻഗിഡി, നന്ദ്രെ ബർഗർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. പരമ്പരയിലെ മൂന്നാമത്തെ നിര്‍ണായക മത്സരം ഡിസംബർ 06നു വിശാഖപട്ടണത്ത് നടക്കും.



Be the first to comment