മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 28 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 90.43 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതും ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചതും രൂപയെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഇല്ലാത്തതുമാണ് ഇതിന് കാരണം. നാളെ പ്രഖ്യാപിക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയവും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്നലെയാണ് ആദ്യമായി രൂപ 90 എന്ന നിലവാരത്തിലും താഴെ പോയത്. തുടര്‍ന്ന് 90.15 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. രൂപയുടെ മൂല്യം താഴുന്നത് ഇറക്കുമതിച്ചെലവ് വര്‍ധിക്കാന്‍ കാരണമാകും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടക്കം ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് പണപ്പെരുപ്പനിരക്ക് വീണ്ടും ഉയരാന്‍ കാരണമാകുമോ എന്ന ആശങ്ക വിപണിയില്‍ സൃഷ്ടിച്ചിട്ടുണ്ട്.
അതിനിടെ ഓഹരി വിപണി തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് 350ലധികം പോയിന്റാണ് മുന്നേറിയത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തിരിച്ചുപിടിച്ചു. ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. മാരുതി സുസുക്കി, പവര്‍ഗ്രിഡ് ഓഹരികള്‍ നഷ്ടത്തിലാണ്.



Be the first to comment