മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു; കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങി

എറണാകുളം: കോടതി വിധികൾക്ക് പിന്നാലെ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെ, വർഷങ്ങളായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ച് ഉത്തരവായി. ഇതുസംബന്ധിച്ച് മുനമ്പം ഭൂ സംരക്ഷണ സമിതിക്ക് അനുകൂലമായ ജില്ലാ കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. മുഖ്യമന്ത്രിയും സർക്കാരും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചതായി മുനമ്പം ഭൂ സംരക്ഷണ സമിതി അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടർന്ന് മുനമ്പത്തെ ജനങ്ങൾ കരമടച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ റവന്യു അവകാശങ്ങൾക്കുവേണ്ടിയുള്ള അപേക്ഷ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം, കൈവശക്കാർക്ക് പോക്കുവരവ്, കൈവശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, ആർഒആർ (റൈറ്റ് ഓഫ് റെക്കോർഡ്) എന്നിവ അനുവദിച്ചു നൽകും. ഇതോടെ ഭൂമി സംബന്ധമായ നിയമപരമായ അവകാശങ്ങൾ മുനമ്പം നിവാസികൾക്ക് തിരികെ ലഭിക്കും.

നിയമപോരാട്ടത്തിന് വിജയം

“നാല് വർഷമായി മുനമ്പം ജനത അനുഭവിച്ച പ്രശ്നങ്ങൾക്കാണ് ഇതോടെ പരിഹാരമായത്. നിയമപരമായി ഭൂമി വാങ്ങി താമസിക്കുന്നവർക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് നിയമ മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. റവന്യൂ അവകാശങ്ങൾ സ്ഥാപിക്കപ്പെട്ടതായി റവന്യൂ മന്ത്രി തന്നെ നേരിട്ട് അറിയിച്ചിരുന്നു. തങ്ങൾ സർക്കാരിനെ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്,” ഭൂസംരക്ഷണ സമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. പോക്കുവരവിനായുള്ള തങ്ങളുടെ അപേക്ഷ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനമ്പം ജനതയുടെ പോരാട്ടത്തിന് സഹായം നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി ഭൂസംരക്ഷണ സമിതിയുടെ രക്ഷാധികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ അറിയിച്ചു.

ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ രണ്ട് അപ്പീലുകളാണ് ഉണ്ടായിരുന്നത്. ജുഡീഷ്യൽ കമ്മീഷൻ്റെ പ്രവർത്തനം അനുവദിച്ചുള്ള ഡിവിഷൻ ബഞ്ച് ഉത്തരവിൽ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് കരമടയ്ക്കുന്നതിന് അനുവാദം നൽകിയിരുന്നു. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് റവന്യു അവകാശങൾ ലഭ്യമായത്. നിലവിൽ വഖഫ് ട്രിബ്യൂണലിലും സുപ്രീം കോടതിയിലും കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തങ്ങൾക്ക് അനുകൂലമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

ഇത് നീതിയുടെ വിജയം കൂടിയാണെന്ന് ജോസഫ് ബെന്നി അഭിപ്രായപ്പെട്ടു. അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിനെതിരെ സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി (Caveat) സമീപിച്ചതായി മുനമ്പം ഭൂ സംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലയ്ക്കൽ അറിയിച്ചു. സമരം ലക്ഷ്യം കണ്ടതോടെ സമിതി സമരം അവസാനിപ്പിച്ചെന്നും, മറ്റ് ചിലർ രാഷ്ട്രീയ കാരണങ്ങളാൽ സമരം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*