സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് താന്‍ നല്‍കിയിട്ടുള്ളൂ എന്നാണ് ഷാഫി പറയുന്നത്. നന്നായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും നല്‍കുന്ന പിന്തുണയാണത്. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് താന്‍ കൊണ്ടുവന്നതല്ല. രാഹുലുമായി പാര്‍ട്ടിയില്‍ നിന്നുണ്ടായ സൗഹൃദമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ആരേയും വളരാന്‍ പിന്തുണയ്ക്കുന്നതുപോലെ തന്നെയാണ് രാഹുലിനോടും ചെയ്തത്. അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാട് തനിക്ക് ഇക്കാര്യത്തിലില്ലെന്നും ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്‌ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം വേണ്ടത്.

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*