ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ ശരീരം നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബാക്ടീരിയ, വൈറസുകള്‍, മറ്റ് അക്രമണകാരിയായ അണുക്കള്‍ എന്നിവയോടൊക്കെ നമ്മുടെ ശരീരം ദിവസവും പോരാട്ടങ്ങള്‍ നടത്തുന്നുണ്ട്. ചില അണുബാധകള്‍ പനി, ചുമ, ശരീരഭാഗങ്ങളിലെ വേദനകള്‍ എന്നിങ്ങനെ വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ മറ്റ് ചിലത് നിശബ്ദമായി ശരീരത്തില്‍ പതിയിരിക്കും.
സമ്മര്‍ദ്ദം, ഉറക്കക്കുറവ്, കാലാവസ്ഥ ഇവയൊക്കെയാണ് മിക്ക രോഗങ്ങള്‍ക്കും കാരണം എന്ന് കരുതി അവഗണിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ നിയന്ത്രിക്കാതെയിരുന്നാല്‍ ചെറിയ അണുബാധ പോലും കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് പലപ്പോഴും മറഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരത്തെ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങളുടെ ശരീരം നിങ്ങളറിയാത്ത അണുബാധയുമായി പോരാടുന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിയാം.
സ്ഥിരമായ ക്ഷീണം, ബലഹീനത, അസാധാരണമായ ഉറക്കം
നിത്യജീവിതത്തില്‍ സാധാരണ നേരിടുന്ന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ നിങ്ങളെ ക്ഷീണിതരാക്കിയേക്കാം. എന്നാല്‍ അതിനപ്പുറത്ത് അസാധാരണമായ ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ശരീരം അണുബാധയോട് പോരാടുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ രോഗപ്രതിരോധ കോശങ്ങള്‍ ഉത്പാദിപ്പിക്കാനായി മാറ്റിവയ്ക്കപ്പെടുന്നു. ഇത് നിങ്ങള്‍ ദുര്‍ബലരോ ക്ഷീണിതരോ ആയി അനുഭവപ്പെടാനിടയാക്കും. ഈ ക്ഷീണം ദിവസങ്ങളോ മാസങ്ങളോ നീണ്ടുനില്‍ക്കും. അതോടൊപ്പം പേശിവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഉണ്ടാവാം. പതിവായുള്ള വിശ്രമത്തിലൂടെയും നിങ്ങള്‍ക്ക് ഊര്‍ജ്ജ നില പുനസ്ഥാപിക്കാന്‍ കഴിയുന്നില്ല എങ്കില്‍ ശരീരത്തിലെവിടെയോ മറഞ്ഞിരിക്കുന്ന അണുബാധ ഉണ്ടെന്ന് കരുതാം.
നേരിയ പനി,വിറയല്‍,രാത്രിയിലെ വിയര്‍പ്പ്
പനി അണുബാധയ്‌ക്കെതിരെയുള്ള ശരീരത്തിന്റെ പ്രാഥമിക ആയുധങ്ങളിലൊന്നാണ്. ശരീര താപനിലയിലെ വര്‍ധനവ് രോഗകാരികളെ മന്ദഗതിയിലാക്കുന്നു, അങ്ങനെയാണ് അണുബാധയ്‌ക്കെതിരെ പനിയെ ശരീരം ആയുധമാക്കുന്നത്. നേരിയതും സ്ഥിരമായി നിലനില്‍ക്കുന്നതുമായ പനി (ഉയര്‍ന്ന താപനില 37.5-38 ഡിഗ്രി സെല്‍ഷ്യസ്), ഇടയ്ക്കിടെയുള്ള വിറയല്‍, രാത്രിയിലെ വിയര്‍പ്പ് എന്നിവ അണുബാധയുടെ ലക്ഷണങ്ങളാണ്. പനിയും വിറയലും വ്യക്തമായ കാരണങ്ങളില്ലാതെ ദിവസങ്ങളോളം തുടരുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
കാരണമില്ലാതെയുള്ള ശരീരവേദന, പേശി വേദന, സന്ധി വേദന
പേശികള്‍ക്കും നാഡികള്‍ക്കും വേദനയുണ്ടാകുന്നത് (പ്രത്യേകിച്ച് കഠിന വ്യായാമം ചെയ്യാത്തപ്പോഴും മറ്റും) രോഗപ്രതിരോധ ശേഷി പ്രശ്‌നത്തിലാണെന്നതിന്റെ സൂചനയാണ്. അണുബാധകള്‍ പലപ്പോഴും ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാക്കുന്നു. ഇത് ശരീരത്തിലുടനീളം വേദനയ്ക്ക് കാരണമാകും. ഈ വേദന ഇടയ്ക്കിടെ വന്നുപോകുകയോ നീണ്ടുനില്‍ക്കുകയോ ചെയ്യാം.
ദഹനക്കേട്, വയറിളക്കം, ഓക്കാനം,മലബന്ധം,വിശപ്പില്ലായ്മ
ദഹനനാളത്തെ ബാധിക്കുന്ന അണുബാധകള്‍ ഓക്കാനം, വയറുവേദന, മലബന്ധം, വിശപ്പില്ലായ്മ, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകും. ദഹനവുമായി ബന്ധപ്പെട്ട ഇത്തരം ലക്ഷണങ്ങള്‍ ക്ഷീണം, ശരീരവേദന എന്നിവയോടൊപ്പം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നിരന്തരമായുള്ള ആരോഗ്യ പോരാട്ടത്തിന്റെ സൂചനയാകാം.
സ്ഥിരമായ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശ്വാസന വ്യവസ്ഥയിലെ മാറ്റങ്ങള്‍
ശ്വാസകോശ അണുബാധകള്‍ വളരെ പതുക്കെ ലക്ഷണങ്ങള്‍ കാണിക്കുന്നവയാണ്. വരണ്ടചുമ, കഫക്കെട്ട്, മൂക്കടപ്പ് എന്നിവ സാധാരണായി ഉണ്ടാകുന്ന അലര്‍ജിയോ ജലദോഷമോ പോലെ തോന്നാം. ഈ ലക്ഷണങ്ങള്‍ ജലദോഷത്തിനപ്പുറം നീണ്ടുനില്‍ക്കുന്നതോ ക്ഷീണം, പനി, അല്ലെങ്കില്‍ ശരീരവേദന എന്നിവയോടൊപ്പം കാണുകയോ ചെയ്യുന്നുണ്ടെങ്കില്‍ ശ്വസന വ്യവസ്ഥ വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയല്‍ അണുബാധയുടെ പിടിയിലാണെന്ന് മനസിലാക്കാം. ശ്വാസം മുട്ടുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വീര്‍ത്തതോ മൃദുവായതോ ആയ മുഴകളോടൊപ്പം ചുവപ്പുനിറവും നീര്‍വീക്കവും
കഴുത്ത്, കക്ഷം, ഞരമ്പ് എന്നിവിടങ്ങളിലെ ലിംഫ് നോഡുകള്‍ പ്രതിരോധ കോശങ്ങള്‍ ഉത്പാദിപ്പിക്കുമ്പോള്‍ വീര്‍ക്കാനിടയുണ്ട്. നിങ്ങളുടെ ശരീരം ഒരു അണുബാധയോട് പ്രതികരിക്കുന്നു എന്നുള്ളതിന്റെ പ്രധാന അടയാളമാണിത്. അതുപോലെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിലോ ഒരു പ്രത്യേക ഭാഗത്തോ ഉള്ള ചുവപ്പ് നിറം, നീര്‍വീക്കം, ചൂട് ഇവയും മറഞ്ഞിരിക്കുന്ന അണുബാധയെ സൂചിപ്പിക്കുന്നു.
മാനസിക സമ്മര്‍ദ്ദങ്ങള്‍, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
അണുബാധകള്‍ ശരീരത്തെ മാത്രമല്ല മനസിനെയും ബാധിക്കും. സ്ഥിരമായ നീണ്ടുനില്‍ക്കുന്ന അണുബാധ നിങ്ങളെ മാനസികമായി തളര്‍ത്തുകയോ പ്രകോപിപ്പിക്കുകയോ ചിന്തകളെ മന്ദഗതിയിലാക്കുകയോ ചെയ്യാം. ഏകാഗ്രതയും ഓര്‍മ്മക്കുറവും ഉണ്ടായേക്കാം. സാധാരണയായി സമ്മര്‍ദ്ദം, അമിത ജോലി, ജീവിതശൈലി എന്നിവ മൂലമാണ് ഇങ്ങനെ ഉണ്ടാകുന്നതെങ്കിലും അണുബാധ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.



Be the first to comment