30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30 കളിലെത്തിയവരില്‍ വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫ്‌ളോറിഡയില്‍നിന്നുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ജോസഫ് സല്‍ഹാബ് 30 വയസിനും 40 വയസിനും ഇടയിലുള്ള വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത്. സാധാരണ ഗതിയില്‍ വയറിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദഹന പ്രശ്‌നങ്ങളായി തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറുടെ സഹായം തേടണമെന്ന് പറയുകയാണ് ഡോ. സല്‍ഹാബ്.

കാരണമില്ലാത്ത ക്ഷീണം

പതിവിലും കൂടുതല്‍ ക്ഷീണം തോന്നുകയും ഉറങ്ങണമെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യുക. കാന്‍സര്‍ ലക്ഷണമുണ്ടാകുമ്പോള്‍ രക്തസ്രാവം ഉണ്ടാവുകയും ഇരുമ്പിന്റെ കുറവ് മൂലമുളള വിളര്‍ച്ചയ്ക്കും രക്തത്തിന്റെ അളവ് കുറയുന്നതിനും കാരണമാകുമെന്നതിനാല്‍ ക്ഷീണമുണ്ടാകാന്‍ സാധ്യതയുണ്ട്.

രാത്രിയിലുണ്ടാകുന്ന വിയര്‍പ്പ്

രാത്രിയിലെ വിയര്‍പ്പ് വന്‍കുടല്‍ കാന്‍സറിന്റെ ഒരു സാധാരണ ലക്ഷണമാണ്. ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഇതിനെ കാന്‍സര്‍ കോശങ്ങള്‍ പുറത്തുവിടുന്ന വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ രാത്രിയിലെ വിയര്‍പ്പിന് കാരണം കാന്‍സര്‍ കോശങ്ങള്‍ പുറത്തുവിടുന്ന വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളാണ്. ഇത് രാത്രിയില്‍ പനിയും വിറയലും ഉണ്ടാകാന്‍ കാരണമാകുന്നു.

മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റം

ഡോ. സല്‍ഹാബ് പറയുന്നത് വന്‍കുടല്‍ കാന്‍സറിന്റെ ആദ്യ മുന്നറിയിപ്പ് ലക്ഷണം പലപ്പോഴും മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റമാണ്. ചിലപ്പോള്‍ അത് മലബന്ധമോ അനിയന്ത്രിതമായ മലവിസര്‍ജനമോ ആകാം.

രക്തം കലര്‍ന്ന മലം

മലത്തില്‍ രക്തം കാണുന്നത് വന്‍കുടല്‍ കാന്‍സറിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്. രക്തസ്രാവം തുടരുകയാണെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*