ശബരിമല സ്വര്‍ണക്കൊള്ള; ‘എസ്‌ഐടി അന്വേഷണം ഫലപ്രദം; കുറ്റക്കാരെ സിപിഐഎം സംരക്ഷിക്കില്ല’; മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്ത ആരേയും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ശബരിമല വിഷയം സംബന്ധിച്ച് വളരെ വിശദമായി ഞാന്‍ പറയുന്നത് ഔചിത്യമല്ലെന്ന് അറിയാമല്ലോ. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ച് പറയുന്നത് ഭംഗിയല്ല. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിക്കുകയാണ്. എല്ലാ കാര്യങ്ങളും ഹൈക്കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടവും നല്ല രീതിയില്‍ നടക്കുന്നുണ്ട്. ആ വഴിക്ക് നമുക്ക് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിരേഖപ്പെടുത്താം – അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സിപിഐഎം നിലപാടും അദ്ദേഹം വിശദീകരിച്ചു. ഈ കാര്യത്തില്‍ ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല എന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗവണ്‍മെന്റ് നിശ്ചയിച്ചതിന്റെ ഭാഗമായാണ് ജയകുമാര്‍ മാറിയത്. റിട്ടയേഡ് ആയിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആ നിലയ്ക്ക് സര്‍വീസിന്റെ ഭാഗമാണ് എന്ന് പറയാന്‍ സാധിക്കില്ല. ജയകുമാറിനെ പോലൊരാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാനാക്കിയതിന് നല്ല പൊതുസ്വീകാര്യതയാണുണ്ടായത്. കാരണം, മുന്‍കാലങ്ങളില്‍ പലഘട്ടങ്ങളിലായി ശബരമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പലതരത്തിലുള്ള സേവനങ്ങള്‍ നടത്താന്‍ അദ്ദേഹം തയാറായിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് അയ്യപ്പ ഭക്തരെല്ലാം നല്ല നിലയ്ക്കാണ് സ്വാഗതം ചെയ്തിട്ടുള്ളത്. പൊതുവേ എല്ലാവര്‍ക്കും സ്വീകാര്യനായിട്ടുള്ള വ്യക്തിയാണ് ജയകുമാര്‍. നല്ല നിലയ്ക്ക് നന്നെ അദ്ദേഹത്തിന്റെ സേവനം ശബരിമലയ്ക്ക് ഈ കാലയളവില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*