മമ്മൂട്ടിയുടെ ഗംഭീര പ്രകടനം; തിയേറ്റര്‍ കത്തിച്ച് കളങ്കാവല്‍, ആദ്യ പ്രേക്ഷക പ്രതികരണം

എട്ടുമാസത്തെ ഇടവേളകള്‍ക്ക് ശേഷം മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ വലിയ ആകാംക്ഷയും ആവേശവും പ്രേക്ഷകര്‍ക്കുണ്ട്. മമ്മൂട്ടി- വിനായകന്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇന്ന് (ഡിസംബര്‍ 5) ആണ് ആഗോളതലത്തില്‍ റിലീസിനെത്തിയത്.

ക്രൈം ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജിതിന്‍ കെ ജോസ് ആണ്. സിനിമയുടെ ട്രെയിലറിനും ടീസറിനുമൊക്കെ വമ്പന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

2004 നും 2009 നും ഇടയില്‍ മോഹന്‍ 20 സ്‌ത്രീകളെ സയനൈഡ് നല്‍കി കൊന്ന സയനൈഡ് മോഹന്‍റെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയും ആരാധകരിലും സിനിമാ പ്രേമികളിലുമുണ്ട്. മാത്രമല്ല നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയുടെ സംഭാഷണത്തിനിടെ പ്രതിനായകനായാണ് താന്‍ ചിത്രത്തില്‍ എത്തുന്നതെന്ന് മമ്മൂട്ടി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ന് സിനിമ തിയേറ്ററിലെത്തി ഫസ്റ്റ് ഷോ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

സിനിമ മികച്ചതാണെന്നും മമ്മൂട്ടിയുടെ അവതരണം അതിശയിപ്പിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിലെ സംഗീതത്തെ കുറിച്ചും ഫ്രെയിമുകളെ കുറിച്ചും പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമുണ്ട്. മുജീബ് മജീദിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും വളരെ മനോഹരമാണ് ക്ലാസിയാണ് എന്നൊക്കെ അഭിപ്രായമപ്പെടുന്നവരുണ്ട്. ഒപ്പം വിനായകന്‍റെ പ്രകടനത്തെ കുറിച്ചും എടുത്തു പറയുന്നുണ്ട്.

“ക്യാരക്ടര്‍ ഇന്‍ട്രൊ വൈസ് ഭ്രമയുഗത്തിലും മേലെ. തുടക്കം തന്നെ ഹൈ തരുന്ന ലെവല്‍ മമ്മൂട്ടി പെര്‍ഫോമന്‍സ്. കൂടെ ആ സ്ലാംങും പടത്തിലുടനീളം പൊളി. ആദ്യം തന്നെ പടത്തിലേക്ക് കാണുന്നവരെ കണക്ട് ആക്കാന്‍ പറ്റി കൂടെ ഒരു കിടിലന്‍ ഇന്റര്‍വെല്‍”, എന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്.

“ആദ്യ പകുതി പ്രതീക്ഷയ്ക്ക് ഒത്തത് പോലെ പീക്ക്. രണ്ടാം പകുതിയും ഇതുപോലെയായാല്‍ പിടിച്ചാല്‍ കിട്ടില്ല”, ചിലര്‍ പറയുന്നു.

“ആദ്യത്തെ 15 മിനിറ്റ് വളരെ മികച്ചതാണ്. പിന്നീട് ലൂപ്പ് കാരണം ആവേശത്തിന് തെല്ല് കുറയുന്നുണ്ട്. പക്ഷേ ഇടവേളയ്ക്ക് ശേഷം അത് വീണ്ടും ശരിയായി”, എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ സംഗീതം മനോഹരമാണെന്നും പ്രേക്ഷകര്‍ കുറിക്കുന്നുണ്ട്.

“മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന അവതരണമാണ്. ആദ്യപകുതി മികച്ചതാണ്. വിനായകനും വളരെ മികച്ച പ്രകടനമാണ്. മുജീബ് മജീദിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും വളരെ മനോഹരമാണ് ക്ലാസിയാണ്. പീക്ക് ഇന്‍റര്‍വെല്‍ ബ്ലോക്ക് ആവേശത്തോടെയുള്ള നിമിഷം”, എന്നൊക്കെ ആരാധകര്‍ കുറിക്കുന്നുണ്ട്.

കളങ്കാവലിലെ ഫ്രെയിമുകളെ കുറിച്ചും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്. കാന്തയിലെ ഫ്രെയിമുകളെ പോലെ തന്നെ മികച്ച ഫ്രെയിമുകളാണ് കളങ്കാവലിലുമുള്ളത് എന്നാണ് അഭിപ്രായം.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെയറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിതിന്‍ കെ ജോസും ജിഷ്‌ണു ശ്രീകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പിന്‍റെ കഥ ഒരു ഒരുക്കിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കളങ്കാവല്‍. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*