സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടതിൽ മാപ്പ് പറഞ്ഞ് ഇൻഡിഗോ വിമാന അധികൃതർ. റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ ലഭിക്കും. കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും തുടർന്നുള്ള യാത്രാസൗകര്യങ്ങളും ഒരുക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.
രാജ്യവ്യാപകമായി നൂറു കണക്കിന് ഇൻഡിഗോ സർവീസുകളാണ് ഇന്ന് റദ്ദാക്കിയിരുന്നത്. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
അതേസമയം, പൈലറ്റുമാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇൻഡിഗോ വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയും യാത്രക്കാരുടെ പ്രയാസങ്ങളും ഉള്‍പ്പെടെ കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 20നാണ് ജീവനക്കാരുടെ അവധി മാനദണ്ഡം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് നല്‍കിയത്. ആഴ്ചയിലെ അവധി ജീവനക്കാര്‍ കൃത്യമായി എടുക്കണമെന്ന് ഉള്‍പ്പെടെയായിരുന്നു നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായതോടെ ഇൻഡിഗോയില്‍ തുടര്‍ച്ചയായി നാലാം ദിവസവും വിമാന സര്‍വീസുകള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടായി.



Be the first to comment