പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങും അധികസുരക്ഷയും വേണമെന്ന്    ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ബൂത്തില്‍ അക്രമസാധ്യതയുണ്ടാകുമെന്ന ഭയമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാം.

മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം. സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഇതിന് അനുവാദം നല്‍കും. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പോലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നുമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

ഡിസംബര്‍ 9,11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ത്രിതല പഞ്ചായത്തുകളിലേയ്ക്കുള്ള വോട്ടെടുപ്പ്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 9നാണ് വോട്ടെടുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 11നാണ് തെരഞ്ഞെടുപ്പ്.

കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയതായി നടത്തിയ വാര്‍ഡ് വിഭജനത്തിന് ശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുമ്പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 വാര്‍ഡുകള്‍ ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*