ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് തലവേദന. പലകാരണങ്ങൾ കൊണ്ടാണ് നമുക്ക് തലവേദന അനുഭവപ്പെടുന്നത്. എന്നാൽ നമ്മൾ ഏറെ പേരും വേദനയുടെ കാരണം പലപ്പോഴും കൃത്യമായി മനസിലാക്കാറില്ല. നിസ്സാരമായി നമ്മൾ ഇങ്ങനെ തള്ളിക്കളയുന്ന തലവേദനയുടെ കാരണം മറ്റ് പലതുമാകാം. ഇതിൽ എടുത്ത് പറയേണ്ട രണ്ട് അവസ്ഥയാണ് മൈഗ്രേനും ടെൻഷൻ തലവേദനയും. കൃത്യമായ വൈദ്യപരിശോധനയിലൂടെ വേദനയുടെ കാരണം കണ്ടെത്തുന്നത് രോഗാവസ്ഥ മോശമാകുന്നതിൽ നിന്ന് തടയാൻ സഹായിക്കും.
മൈഗ്രേൻ
മൈഗ്രേൻ സാധാരണയായി തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ആകും അനുഭവപ്പെടുന്നത്. വെളിച്ചം ,ശബ്ദം , എന്നിവയോടുള്ള അസഹിഷ്ണുത ഓക്കാനം, ഛർദ്ദി,കടുത്ത ക്ഷീണം ,ഏകാഗ്രത നഷ്ടപ്പെടുക എന്നിവയെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില ആളുകൾക്ക് വേദന ആരംഭിക്കുന്നതിന് മുമ്പ് കാഴ്ചയ്ക്ക് ചില പ്രശ്നങ്ങളും അനുഭവപ്പെടാം. നാല് മണിക്കൂർ മുതൽ 72 മണിക്കൂർ വരെ മൈഗ്രേൻ നീണ്ടുനിൽക്കും. ഉറക്കക്കുറവ് , സമയം തെറ്റിയുള്ള ഉറക്കം ,ഭക്ഷണം, കഫൈൻ അടങ്ങിയ ഡ്രിങ്കുകൾ,മദ്യം, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗങ്ങളും മൈഗ്രേൻ ഉണ്ടാകുന്നതിന് കാരണമാകും.
ടെൻഷൻ തലവേദന
തലയുടെ ഇരുവശത്തും വളരെ ഇറുകിയ തരത്തിൽ അനുഭവപ്പെടുന്ന വേദനയാണ് ടെൻഷൻ തലവേദന. തലയുടെ മുൻപിലും പുറകിലും , കഴുത്ത്, തോളുകൾ എന്നിവിടങ്ങളിൽ പേശീവലിവ്. ശാരീരിക മാനസിക സമ്മർദ്ദം വർധിക്കുക,കടുത്ത ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മാനസിക സമ്മർദ്ദം (സ്ട്രെസ്) , നിർജ്ജലീകരണം, ഏറെ നിറമുള്ള സ്ക്രീൻ ഉപയോഗം, ഉറക്കക്കുറവ്, എന്നിവയാണ് ടെൻഷൻ തലവേദന ഉണ്ടാകാനുള്ള കാരണങ്ങൾ.



Be the first to comment