രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ബലാത്സം​ഗ കേസിൽരാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് കെ ബാബുവിന്റെതാണ് നടപടി.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് താനും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്നാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നതെന്നാണ് സൂചന. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.

യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് താന്‍ നിര്‍ബന്ധിച്ചിട്ടില്ല. തനിക്കെതിരായ പരാതി സിപിഎം- ബിജെപി ഗൂഢാലോചനയുടെ ഫലമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുവെന്നാണ് വിവരം.

അതേസമയം, ഒൻപതാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നുണ്ട്. എംഎല്‍എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പാലക്കാടു നിന്നു മുങ്ങിയപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*