വാഷിങ്ടണ്‍: അമേരിക്കന്‍ സിനിമാ നിര്‍മാണ കമ്പനി വാര്‍ണര്‍ ബ്രദേഴ്സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്സ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്സ് ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 27.75 ഡോളര്‍ പണമായി നല്‍കും. നെറ്റ്ഫ്ളിക്സില്‍ ഓഹരിയും ലഭിക്കും. കരാറിന്റെ മൊത്തം ഓഹരി മൂല്യം 72 ബില്യണ്‍ (7200 കോടി) ഡോളറാണ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്സിന്റെ സിനിമ, ടെലിവിഷന്‍ സ്റ്റുഡിയോകളും എച്ച്ബിഒ, എച്ച്ബിഒ മാക്സ് എന്നീ ചാനലുകളുമടക്കം നെറ്റ്ഫ്ലിക്സിന്റെ ഭാഗമാവും.
ഹോളിവുഡിന്റെ ഏറ്റവും പഴക്കം ചെന്നതും പേരുകേട്ടതുമായ സ്റ്റുഡിയോകളില്‍ ഒന്നിനെയാണ് ലോകത്തെ പ്രമുഖ പെയ്ഡ് സ്ട്രീമിങ് കമ്പനി വാങ്ങാനൊരുങ്ങുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാവുന്ന ഏറ്റെടുക്കലോടെ വാര്‍ണര്‍ ബ്രദേഴ്സിന്റെ പക്കലുള്ള ലോകപ്രശസ്ത സിനിമാ, സിരീസ് ടൈറ്റിലുകളൊക്കെയും നെറ്റ്ഫ്ലിക്സിലൂടെ ലഭ്യമാവും. നിരവധി ഹിറ്റ് ഷോകളുടെ ലൈബ്രറിയും, വാര്‍ണര്‍ ബ്രദേഴ്സിന്റെ കാലിഫോര്‍ണിയയിലെ ബര്‍ബാങ്കിലുള്ള വിശാലമായ സ്റ്റുഡിയോകളും, ‘ഹാരി പോട്ടര്‍’, ‘ഫ്രണ്ട്സ്’ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ ചലച്ചിത്ര, ടിവി ആര്‍ക്കൈവും നെറ്റ്ഫ്ലിക്സിന് സ്വന്തമാകും.
വാര്‍ണര്‍ ബ്രദേഴ്സിന്റെ ശക്തമായ ഉള്ളടക്കം നെറ്റ്ഫ്ളിക്സിന് വാള്‍ട്ട് ഡിസ്നി, പാരമൗണ്ട് സ്കൈഡാന്‍സ് പോലുള്ള എതിരാളികള്‍ക്ക് മേല്‍ മേല്‍ക്കൈ നിലനിര്‍ത്താന്‍ സഹായിക്കും. ഒക്ടോബറിലാണ് വാര്‍ണര്‍ ബ്രദേഴ്സ് വില്‍പ്പനയ്ക്ക് നീക്കം തുടങ്ങിയത്. നെറ്റ്ഫ്ലിക്സിനെക്കൂടാതെ പാരമൗണ്ട് അടക്കമുള്ളവയും വാങ്ങാനുള്ള നീക്കം നടത്തിയിരുന്നു.



Be the first to comment