പുരുഷ എഫ്‌ഐഎച്ച് ഹോക്കി ജൂനിയർ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. തമിഴ്‌നാട് മധുര ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിൽ 4-3 ന് ബെൽജിയത്തെ വീഴ്‌ത്തിയാണ് ഇന്ത്യ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ഷൂട്ടൗട്ടിൽ മിന്നും സേവുകളിലൂടെ പ്രിൻസ്‌ദീപ് സിംഗ് ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും താരത്തിനായിരുന്നു ലഭിച്ചത്.
മത്സരത്തിന്‍റെ പതിമൂന്നാം മിനിറ്റിൽ ഗാസ്പാർഡ് കോർണസ്-മാസാന്റിന്‍റെ ഫീൽഡ് ഗോളിലൂടെ ബെൽജിയമാണ് ആദ്യ ഗോള്‍ നേടിയത്. കളിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യയെ അവര്‍ പിന്നോട്ട് തള്ളി. പിന്നാലെ ക്യാപ്റ്റൻ രോഹിത് ഒരു സെൻസേഷണൽ ഡ്രാഗ്ഫ്ലിക്ക് വഴി ഗ്രിഡ്‌ലോക്ക് തകർത്ത് സ്കോർ 1-1 ന് സമനിലയിലാക്കി. ഹാഫ് ടൈം ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഊർജ്ജസ്വലതയോടെ തിരിച്ചെത്തി.
48-ാം മിനിറ്റിൽ ശാരദ നന്ദ് തിവാരിയിലൂടെ ഇന്ത്യ 2-1ന് മുന്നിലെത്തി. എന്നാൽ, 59-ാം മിനിറ്റിൽ നഥാൻ റോജിലൂടെ ബെൽജിയം സമനില ഗോൾ നേടി. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ 4-3 എന്ന സ്‌കോറിൽ ആതിഥേയർ ഷൂട്ട് ഔട്ട് വിജയിച്ചു. ഗോൾ കീപ്പർ പ്രിൻസ് ദീപ് സിംഗിന്‍റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.
നാളെ നടക്കുന്ന സെമിഫൈനലിൽ ഇതിഹാസ താരം പി ആർ ശ്രീജേഷ് പരിശീലകനായുള്ള ഇന്ത്യൻ ടീം ഇന്ത്യ ഏഴ് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ നേരിടും. ഇന്ത്യ രണ്ടുതവണ ജൂനിയർ ഹോക്കി ലോകകപ്പ് നേടിയിട്ടുണ്ട്. 2016 ലാണ് അവസാനമായി കിരീടം നേടിയത്. അന്ന് ലഖ്‌നൗവിൽ സ്വന്തം മൈതാനത്തായിരുന്നു ടൂർണമെന്‍റ് നടന്നത്. ആദ്യ സെമിഫൈനലില്‍ സ്പെയിനും അർജന്‍റീനയും തമ്മിൽ ഏറ്റുമുട്ടും. ആറു പൂളുകളായി 24 ടീമുകൾ അണിനിരന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ പത്താം തീയതിയാണ് നടക്കുക.
ആദ്യ മൂന്ന് മത്സരങ്ങളിൽ ചിലിയെ 7-0 നും ഒമാനെ 17-0 നും സ്വിറ്റ്‌സർലൻഡിനെ 5-0 നുമാണ് ഇന്ത്യന്‍ പട തോല്‍പ്പിച്ചത്. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തില്‍ മൻമീത് സിംഗ് (2, 11), ശാരദ നന്ദ് തിവാരി (13, 54) എന്നിവർ രണ്ട് ഗോൾ വീതം നേടിയപ്പോൾ, അർഷീപ് സിംഗ് (28) ഇന്ത്യയുടെ മറ്റൊരു ഗോൾ നേടി.



Be the first to comment