ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ അവതാളത്തിലായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച സാഹചര്യത്തില്‍ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 1,000ലധികം വിമാന സര്‍വീസുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു ദിവസം കഴിഞ്ഞ് ഞായറാഴ്ച റീഫണ്ട് പ്രക്രിയയില്‍ എന്തെങ്കിലും കാലതാമസം ഉണ്ടാവുകയോ നിര്‍ദേശം പാലിക്കാതെ വരികയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാന സര്‍വീസുകളുടെയും റീഫണ്ട് പ്രക്രിയ ഞായറാഴ്ച രാത്രി 8 മണിയോടെ പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
റദ്ദാക്കല്‍ മൂലം യാത്രയെ ബാധിച്ച യാത്രക്കാരില്‍ നിന്ന് റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മാത്രം വിവിധ വിമാനത്താവളങ്ങളില്‍ 400ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പ്രത്യേക പാസഞ്ചര്‍ സപ്പോര്‍ട്ടും റീഫണ്ട് ഫെസിലിറ്റേഷന്‍ സെല്ലുകളും രൂപീകരിക്കാനും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ യാത്രക്കാരെ മുന്‍കൂട്ടി ബന്ധപ്പെടുന്നുണ്ടെന്നും റീഫണ്ടുകളും ബദല്‍ യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സെല്ലുകള്‍ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍വീസുകള്‍ സാധാരണ പോലെയാകുന്നത് വരെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം സജീവമായി തുടരും. യാത്രക്കാരില്‍ നിന്ന് സ്വീകരിച്ച ബാഗേജ് കണ്ടെത്തി അടുത്ത 48 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് തിരികെ നല്‍കുന്നുണ്ടന്ന് വിമാന കമ്പനി ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.



Be the first to comment