ലോകകപ്പ് ബ്രസീല്‍ ടീമില്‍ നെയ്‌മര്‍ ഇടം പിടിക്കുമോ..! ഉറപ്പ് പറയാതെ കാർലോ ആഞ്ചലോട്ടി

 

ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മര്‍ ഇടം പിടിക്കുന്നില്‍ വ്യക്തത വരുത്താതെ പരിശീലകൻ കാർലോ ആഞ്ചലോട്ടി. മെയ് മാസത്തിൽ ആഞ്ചലോട്ടി സ്ഥാനമേറ്റതിനുശേഷം ഇതുവരെ നെയ്‌മറെ തിരഞ്ഞെടുത്തിട്ടില്ല. ‘നെയ്‌മര്‍ ടീമിൽ ഉൾപ്പെടാൻ അർഹനാണെങ്കിൽ, മറ്റുള്ളവരേക്കാൾ മികച്ചവനാണെങ്കിൽ, അദ്ദേഹം ലോകകപ്പിൽ കളിക്കും, മാർച്ചിൽ ഫിഫ മത്സരങ്ങൾക്ക് ശേഷം ഞങ്ങൾ അന്തിമ പട്ടിക തയ്യാറാക്കുമെന്ന് ആഞ്ചലോട്ടി പറഞ്ഞു. ലോകകപ്പ് നറുക്കെടുപ്പിന് ശേഷം വാഷിംഗ്ടണിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. മൊറോക്കോ, ഹെയ്‌തി, സ്കോട്ട്ലൻഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്രസീൽ.

2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഉണ്ടായ പരിക്കിൽ നിന്ന് താരം പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ബ്രസീൽ ചാമ്പ്യൻഷിപ്പിൽ തരംതാഴ്ത്തൽ ഒഴിവാക്കാനുള്ള സാന്‍ഡോസിന്‍റെ പോരാട്ടത്തിൽ നെയ്‌മര്‍ നിർണായക പങ്ക് വഹിച്ചിരുന്നു. പേശി പരിക്കിനെ അവഗണിച്ച് താരം ഹാട്രിക് നേടി. നാളെ ക്രൂസീറോയ്‌ക്കെതിരെ വീണ്ടും നെയ്‌മര്‍ കളിക്കുമെന്നാണ് സൂചന.

‘ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ, പ്രതിരോധക്കാർ, മിഡ്ഫീൽഡർമാർ, മുൻനിരയിൽ ചില കളിക്കാർ എന്നിവർ നമുക്കുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചവരാകാൻ ആഗ്രഹിക്കുന്ന കളിക്കാരെയല്ല, ലോകകപ്പ് നേടാൻ ആഗ്രഹിക്കുന്ന കളിക്കാരെയാണ് വേണ്ടതെന്ന് ആഞ്ചലോട്ടി പറഞ്ഞു. ഗ്രൂപ്പില്‍ ബ്രസീലിന് ഒന്നാമതെത്താൻ കഴിയും. മൂന്ന് മത്സരങ്ങളും ജയിക്കാൻ കഴിയും, ഫൈനലിൽ കളിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം, അത് സംഭവിക്കണമെങ്കിൽ വളരെ ശക്തമായ ടീമുകളെ നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Carlo Ancelotti

Carlo Ancelotti (IANS)

കഴിഞ്ഞ ലോകകപ്പിൽ ഖത്തറിൽ മൊറോക്കോ വളരെ മികച്ചതായിരുന്നു, കൂടാതെ സ്കോട്ട്ലൻഡും ഒരു ഉറച്ച ടീമാണെന്ന് ആഞ്ചലോട്ടി കൂട്ടിച്ചേർത്തു. ജൂൺ 13 ന് മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീൽ ലോകകപ്പിലെ തങ്ങളുടെ പോരാട്ടം ആരംഭിക്കുക. ആറ് ദിവസത്തിന് ശേഷം ഹെയ്‌തിയുമായി കളിക്കും, ജൂൺ 24 ന് സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കും.

Neymar Jr

Neymar Jr (getty)

FIFA ലോകകപ്പ് 2026: എല്ലാ ഗ്രൂപ്പുകളും

  • ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുവേഫ പ്ലേ ഓഫ് ഡി
  • ഗ്രൂപ്പ് ബി: കാനഡ, യുവേഫ പ്ലേഓഫ് എ, ഖത്തർ, സ്വിറ്റ്സർലൻഡ്
  • ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ, ഹെയ്‌തി, സ്കോട്ട്ലൻഡ്
  • ഗ്രൂപ്പ് ഡി: യുണൈറ്റഡ് സ്റ്റേറ്റ്സ്, പരാഗ്വേ, ഓസ്ട്രേലിയ, യുവേഫ പ്ലേ ഓഫ് സി
  • ഗ്രൂപ്പ് ഇ: ജർമ്മനി, കുറാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ
  • ഗ്രൂപ്പ് എഫ്: നെതർലാൻഡ്‌സ്, ജപ്പാൻ, യുവേഫ പ്ലേ ഓഫ് ബി, ടുണീഷ്യ
  • ഗ്രൂപ്പ് ജി: ബെൽജിയം, ഈജിപ്‌ത്, ഇറാൻ, ന്യൂസിലാൻഡ്
  • ഗ്രൂപ്പ് എച്ച്: സ്പെയിൻ, കേപ് വെർഡെ, സൗദി അറേബ്യ, ഉറുഗ്വേ
  • ഗ്രൂപ്പ് I: ഫ്രാൻസ്, സെനഗൽ, ഫിഫ പ്ലേഓഫ് 2, നോർവേ
  • ഗ്രൂപ്പ് ജെ: അർജന്റീന, അൾജീരിയ, ഓസ്ട്രിയ, ജോർദാൻ
  • ഗ്രൂപ്പ് കെ: പോർച്ചുഗൽ, ഫിഫ പ്ലേ ഓഫ് 1, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ
  • ഗ്രൂപ്പ് എൽ: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ

 

Be the first to comment

Leave a Reply

Your email address will not be published.


*