കേരളത്തിൽ കാലാവസ്ഥ മാറുന്നു; ഇനി പകലിൽ ചൂടും രാത്രിയിൽ തണുപ്പും, ഏഴ് ദിവസത്തേക്ക് മഴ സാധ്യതയില്ല

കാസർകോട്: ഡിസംബർ മാസം ആരംഭിച്ചതോടെ കേരളത്തിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുന്നു. വടക്കുകിഴക്കൻ കാറ്റ് ദുർബലമായതിനാലും ന്യൂനമർദ സാധ്യതകൾ ഇല്ലാത്തതിനാലും അടുത്ത ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ കുറയും. പകൽ സമയങ്ങളിൽ ചൂടും വരണ്ട അന്തരീക്ഷവും അനുഭവപ്പെടുമ്പോൾ, രാത്രി കാലങ്ങളിൽ തണുപ്പേറിയ കാലാവസ്ഥയായിരിക്കും.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ പ്രകാരം, കേരളത്തിൽ അടുത്ത ഏഴു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയില്ല. വടക്കൻ ജില്ലകളിലാണ് പ്രധാനമായും ഈ വരണ്ട കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഡിസംബർ 7 ഞായറാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ വരണ്ട കാലാവസ്ഥയ്ക്ക് സാധ്യത. ഡിസംബർ 8, 9 തീയതികളില്‍ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും. ഡിസംബർ 10ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ വരണ്ട കാലാവസ്ഥയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ ദിവസങ്ങളിൽ ആകാശത്ത് മേഘങ്ങൾ പൂർണ മായും മാറിനിൽക്കുമെന്നും ചൂട് വർധിക്കുമെന്നും കാലാവസ്ഥാ ഗവേഷകർ വ്യക്തമാക്കി.

എന്താണ് വരണ്ട കാലാവസ്ഥ?

ഈർപ്പം തീരെ കുറഞ്ഞതും മഴ ലഭിക്കാത്തതും സാധാരണയായി ഉയർന്ന താപനിലയുമുള്ള ഒരവസ്ഥയാണ് വരണ്ട കാലാവസ്ഥ (Dry Weather). ഈ അവസ്ഥയിൽ ആകാശത്ത് മേഘങ്ങൾ തീരെ ഇല്ലാതിരിക്കുകയും ചെയ്യും.

തുലാവർഷം അവസാനിച്ച ശേഷം സംസ്ഥാനം വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുകയാണ്. വേനൽമഴ, കാലവർഷം, തുലാവർഷം എന്നിവയ്ക്ക് ശേഷം നവംബർ 1, 2 തീയതികളിൽ കേരളം മുഴുവൻ വരണ്ട കാലാവസ്ഥയായിരുന്നു. ഏഴ് മാസങ്ങൾക്കു ശേഷമായിരുന്നു നവംബറിൽ സംസ്ഥാനത്ത് മഴ തീരെയില്ലാത്ത ഈ അവസ്ഥ വന്നിരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വരണ്ട കാലാവസ്ഥ തുടരുന്നത് പൊതുജനങ്ങളെയും പ്രകൃതിയെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്:

ആരോഗ്യം: ശരീരത്തിൽ ചൂട് കൂടാനും നിർജ്ജലീകരണം (Dehydration) ഉണ്ടാകാനും സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.

കാട്ടുതീ: ഈർപ്പം കുറയുന്നതിനാൽ കാട്ടുതീ പോലുള്ള അപകടങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

കൃഷി: സസ്യജന്തുജാലങ്ങളെയും കാർഷിക മേഖലയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

അടുത്ത ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് മുഴുവൻ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.

അതേസമയം നവംബര്‍ അവസാനത്തോടെ എത്തിയ അസാധാരണ തണുപ്പായിരുന്നു കാലാവസ്ഥയില്‍ അപ്രതീക്ഷിതമായി എത്തിയ ഒരു മാറ്റം. ഡിറ്റ്‌ വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങൾ രണ്ടു ദിവസം കേരളത്തിന്‍റെ അന്തരീക്ഷത്തിന് മുകളിൽ നിന്നതോടെയാണ് തെക്കൻ കേരളത്തിൽ പകല്‍സമയത്ത് പോലും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*