‘പോസ്റ്റുകള്‍ പിന്‍വലിക്കാം’, നിലപാട് മാറ്റി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ നിലപാട് മയപ്പെടുത്തുന്നു. യുവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വിവരങ്ങള്‍ വായിക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങളില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.എഫ് ഐആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയി, പോസ്റ്റ് ചെയ്ത വിഡിയോ പിന്‍വലിക്കാന്‍ തയ്യാറാണ് എന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കേസില്‍ നടപടികള്‍ കടുപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. അന്വേഷണവുമായി ഒഡരുതരത്തിലും സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ ആവശ്യം.

അതിനിടെ, രാഹുല്‍ ഈശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പിന്‍വലിച്ചു. അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ജില്ലാ കോടതിയില്‍ ഫയല്‍ചെയ്ത ജാമ്യഹര്‍ജി പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വാദം കേള്‍ക്കാനാകൂയെന്ന് അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് നിലപാടെടുത്തതോടെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോടതി ജാമ്യ ഹര്‍ജിയില്‍ പ്രാരംഭവാദം കേട്ടശേഷമാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അഭിഭാഷകന്‍ കൂടിയായ പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയും ബോധപൂര്‍വ്വമായ പ്രവൃത്തിയുമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിന്റെ എഫ്‌ഐആറിലെ വിവരങ്ങളാണ് തന്റെ പോസ്റ്റുകളിലുള്ളതെന്നും നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ പ്രാരംഭ വാദത്തില്‍ ഉന്നയിച്ചത്. ലൈംഗിക പീഡന കേസിലെ എഫ്.ഐ.ആര്‍ പൊതുരേഖയായി കണക്കാക്കാനാകില്ലല്ലോയെന്ന് കോടതി പറഞ്ഞു. അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*