കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാന്‍ എം സ്വരാജ് വരേണ്ടെന്ന് പ്രതിപക്ഷ നേതാവ്വി ഡി സതീശന്. സ്വര്‍ണ കൊള്ളക്കേസില്‍ പ്രതികള്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയം കൊണ്ടാണെന്നും സതീശന് പറഞ്ഞു.
പ്രതികളായ സിപിഎം നേതാക്കള്‍ മറ്റു നേതാക്കളുടെ പേര് പറയുമോ എന്ന് പേടി. ഗുരുവായൂര്‍ അമ്പലത്തിലെ തിരുവാഭാരണം മോഷണത്തില്‍ എം വി ഗോവിന്ദന് പറഞ്ഞത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മേല്‍ ശാന്തിയെ കുടുക്കാനാണ് ശ്രമിച്ചത്. സാധാരണ കള്ളന്മാരാണ് മോഷ്ടിച്ചത്. മണികിണര്‍ വൃത്തിയാക്കുന്നത്തിനിടെ തിരുവാഭരണം തിരിച്ചുകിട്ടി. ഇതിന്റെ പേരില്‍ കെ കരുണാകരന് തിരുവാഭരണം മോഷ്ടിച്ചുവെന്ന് സിപിഎം പ്രചരിപ്പിച്ചുവെന്നും സതീശന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത് ഒരു പരാതി പോലുമില്ലാതെയെന്നും സതീശന്. പരാതി വന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് പുറത്താക്കി. എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുമോ എന്ന ചോദ്യത്തിന് രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. എല്‍ദോസ് കുന്നപ്പള്ളിയുടെയും വിന്‍സെന്റിന്റെയും കേസ് വേറെ തരത്തിലുള്ളതാണ്. എല്‍ദോസിന് ഉടന്‍ തന്നെ ജാമ്യവും കിട്ടി.
ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കും അദ്ദേഹം മറുപടി നല്കി. 2019 വരെ ജമാഅത്തെ ഇസ്ലാമിയെ കൂടെ നിര്‍ത്തിയത് സിപിഎം ആണ്. പിണറായി ജമാഅത്തെ ഇസ്ലാമിയുടെ അമീറുമായി കൂടിക്കാഴ്ച്ച നടത്തി. ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് നിരവധി തവണ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയെന്നുമാണ് വി ഡി സതീശന് മറുപടി പറഞ്ഞത്.



Be the first to comment