‘മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് വോട്ടിന് വേണ്ടി’, നിഷേധിക്കുന്നത് പച്ചക്കളമെന്ന് ജമാ അത്തെ ഇസ്ലാമി

ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി. ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണെന്നും സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ജമാഅത്തിനില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

അങ്ങനെ ചര്‍ച്ചകള്‍ നടന്നിട്ടേയില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെയും സൈബര്‍ പ്രചാരകരുടെയും വാദങ്ങള്‍ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷേ, അപ്പോഴും ചില തെറ്റിദ്ധാരണകള്‍ പരത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞതു പോലെ എ.കെ.ജി സെന്ററിലല്ല ചര്‍ച്ച നടന്നത്. ചര്‍ച്ചകള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുണ്ട്. അതിലൊരു ചര്‍ച്ച ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ആയിരുന്നു.(2011 മാര്‍ച്ച് 31ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.)

സന്ദര്‍ശനത്തെയും ചര്‍ച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയന്‍ തന്നെ പ്രസ്താവന നടത്തിയതുമാണ്.

സി.പി.എമ്മില്‍ നിന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചര്‍ച്ചകള്‍. ജമാഅത്തിന് അങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല.

അങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാന്‍ അധികാരമുള്ള ഏജന്‍സിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല. സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്.

ശിഹാബ് പൂക്കോട്ടൂര്‍

സെക്രട്ടറി,

ജമാഅത്തെ ഇസ്ലാമി കേരള.

Be the first to comment

Leave a Reply

Your email address will not be published.


*