‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’ മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകും. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ മൊഴി.

നടിയെ ആക്രമിച്ച കേസില്‍ 28ഓളം പേരായിരുന്നു മൊഴി മാറ്റിയിരുന്നത്. ആദ്യവസാനം പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്ന ആളാണ് മഞ്ജു വാര്യര്‍. കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ട് എന്നുള്‍പ്പെടെയായിരുന്നു മഞ്ജുവിന്റെ മൊഴി. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് മഞ്ജു ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമറിയുന്നത്. പിന്നീട് മഞ്ജു ഇതിനെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് ചോദിച്ചു. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചിരുന്നു. തന്റെ ജീവിതം തകര്‍ത്തത് ഈ നടിയാണെന്ന് ദിലീപ് ഇക്കാലത്ത് പലരോടും പറഞ്ഞ് നടന്നിട്ടുമുണ്ട്. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ മഞ്ജു വാര്യരുടെ മൊഴിയിലുണ്ടായിരുന്നു.

കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് ആദ്യം പറഞ്ഞവരില്‍ ഒരാളും മഞ്ജു വാര്യരായിരുന്നു. 2017 ജൂണ്‍ 21നാണ് കേസില്‍ മഞ്ജു വാര്യര്‍ മൊഴി നല്‍കുന്നത്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കുന്നതില്‍ ഉള്‍പ്പെടെ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമായിരുന്നു. നിരവധി പേര്‍ മൊഴി മാറ്റിയപ്പോഴും പറഞ്ഞ മൊഴിയില്‍ മഞ്ജു വാര്യര്‍ ഉറച്ചുനിന്നു. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*