‘കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി’; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ നിര്‍ണായകമായ മൊഴി നല്‍കിയ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു വിചാരണ വേളയില്‍ മൊഴി മാറ്റിയത്. 28 സാക്ഷികളാണ് മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ തുടങ്ങിവരുടെ നിലപാട് മാറ്റം വലിയ വാര്‍ത്താ പ്രാധാന്യം നേടി.

ആക്രമിക്കപ്പെട്ട നടിയുമായി നടന്‍ ദിലീപിനുള്ള ശത്രുത വെളിവാക്കുന്നതായിരുന്നു സിനിമ താരങ്ങളുടെ ആദ്യ മൊഴികള്‍. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച, താര സംഘടനയുടെ റിഹേഴ്സല്‍ വേദിയില്‍ വെച്ച് ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും, കത്തിച്ചുകളയുമെന്ന് പറഞ്ഞെന്നുമായിരുന്നു ഭാമയും സിദ്ദിഖും പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇരുവരും ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയതില്‍ നടിയുടെ പങ്കില്‍ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും അറിയിച്ചിരുന്നു. പിന്നീട് അവര്‍ ഈ മൊഴികള്‍ പിന്‍വലിച്ചു.

താരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെതിരെ രേഖാമൂലം പരാതി നല്‍കിയതായി ബാബു നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, പരിശോധനയില്‍, അത്തരമൊരു പരാതി തനിക്ക് ഓര്‍മ്മയില്ലെന്ന് ബാബു പറഞ്ഞു. ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെ നിരവധി സിനിമാ താരങ്ങളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*