പഞ്ചാബിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. അഞ്ഞൂറ് കോടി രൂപ കൈവശമുള്ളവർക്കേ പാർട്ടിയിൽ മുഖ്യമന്ത്രിയാകാൻ കഴിയൂ എന്ന പ്രസ്താവനയ്ക്കെതിരെ പിസിസി നേതൃത്വം രംഗത്തെത്തി. പിസിസി അധ്യക്ഷനായിരുന്നപ്പോൾ സിദ്ദു പ്രതിപക്ഷത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ ആരോപിച്ചു. നവ്ജ്യോത് സിങ് സിദ്ദുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്നും രൺധാവ ആവശ്യപ്പെട്ടു.
ഒരു പാർട്ടിക്കും നൽകാൻ തങ്ങളുടെ കൈവശം പണമില്ലെന്നും എന്നാൽ പഞ്ചാബിനെ ഒരു സുവർണ്ണ സംസ്ഥാനം ആക്കി മാറ്റാൻ കഴിയുമെന്നും നവജ്യോത് കൗർ സിദ്ധു പറഞ്ഞു. മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ മാത്രമേ സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരൂ എന്നും ഭാര്യ. തങ്ങളുടെ കയ്യിൽ പണം ഇല്ല, അവസരം നൽകിയാൽ പ്രവർത്തിച്ചു കാണിക്കുമെന്നും അവർ പറഞ്ഞു.
പഞ്ചാബിൽ കോൺഗ്രസിന് അഞ്ചു മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടെന്നും നവ്ജോത് കൗർ സിദ്ദു പറഞ്ഞു. “എന്നാൽ ഇത്രയധികം ഉൾപ്പോരുകൾ ഉള്ളതിനാൽ, നവജ്യോത് സിദ്ധുവിനെ സ്ഥാനക്കയറ്റം നൽകാൻ അവർ അനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇതിനകം അഞ്ച് മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ട്. അവർ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഉറച്ചുനിൽക്കുകയാണ്. ഹൈക്കമാൻഡ് ഇത് മനസ്സിലാക്കണം” അവർ പറഞ്ഞു. ആരോപണത്തിൽ പ്രതികരിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നാണ് പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് പറയുന്നത്.



Be the first to comment