സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പമെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം. അതിനു മറുപടി പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ബി.സന്ധ്യ ക്രിമിനൽ ആണെന്ന അഭിപ്രായം തനിക്ക് ഇല്ല. ഗൂഡാലോചന തെളിയിക്കാൻ മേൽകോടതികൾ ഉണ്ടെന്നും എകെ ബാലൻ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ല. കോടതിയുടെ മുന്നിലുള്ള തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് വിധി. ഗൂഡാലോചന തെളിഞ്ഞിട്ടില്ല എന്ന് കോടതി പറയാൻ പ്രധാനപ്പെട്ട കാരണങ്ങൾ ഉണ്ടാകും. ജുഡീഷ്യറിയെ കുറ്റപ്പെടുത്തി എന്തെങ്കിലും പറയുന്നതിന് ഇപ്പോൾ അടിസ്ഥാനം ഇല്ലെന്ന് എകെ ബാലൻ പറഞ്ഞു. പൊലീസ് സംഘം തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്നും തന്റ് കരിയറും ജീവിതവും തകർക്കാൻ ശ്രമം നടത്തിയെന്നുമായിരുന്നു ദിലീപിന്റെ ആരോപണം. കേസിൽ വിധി വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ദിലീപ് അന്വേഷണ സംഘത്തിനെതിരെ രംഗത്തെത്തിയത്.
ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.



Be the first to comment