നടി ആക്രമിക്കപ്പെട്ട കേസിൽ മരണം വരെ അവൾക്കൊപ്പമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവളുണ്ടാക്കിയ ചരിത്രം ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല. അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണെന്നും അതിജീവിതയുടെ വീട്ടിലിരുന്നാണ് താൻ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല.എവിടെയാണ്,ഏത് കോടതിയിലാണ് നീതി പ്രതീക്ഷിക്കേണ്ടത്. ദൈവത്തിന്റെ കോടതിയുണ്ട്.കർമ്മ ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിക്കും.
ഒരു അതിജീവിതയോട് കാണിക്കേണ്ട സഹതാപം ആരും അവളോട് കാണിച്ചില്ല. തെരുവിൽ അനുഭവിച്ചതിനേക്കാൾ അവൾ കോടതി മുറിയിൽ അനുഭവിച്ചു.ഒമ്പത് ദിവസം അവളെ മാനസികമായി പീഡിപ്പിച്ചു,തളർത്തി.ഒരു അതിജീവിതയോട് കാണിക്കേണ്ട സഹതാപം ആരും അവളോട് കാണിച്ചില്ല.
മഞ്ജു വാര്യർക്ക് എതിരായ ആക്ഷേപം അനാവശ്യമാണ്. അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളിൽ അത് കാണാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആരൊക്കെ നിഷ്കളങ്കന്‍ എന്ന് പറഞ്ഞാലും ഞങ്ങളാരും അത് വിശ്വസിക്കില്ലെന്നും എന്തുകൊണ്ട് ഈ വിധിയെന്ന് ചോറുണ്ണുന്ന ഓരോ മലയാളിക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിനപ്പുറം ഒന്നും എനിക്ക് പറയാനില്ലെന്നും ഈ വിധി പ്രതീക്ഷിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, അതിജീവിതയ്ക്ക് ശക്തമായ പിന്തുണയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തി. മുൻപ് ഒരു വേദിയിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് താൻ ഉയർത്തിയ ‘അവൾക്കൊപ്പം’ എന്ന് എഴുതിയ ബാനറിൻ്റെ ചിത്രമാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ചിത്രത്തിനൊപ്പം, “എപ്പോഴും, മുൻപത്തേതിലും ശക്തമായി, ഇപ്പോൾ” എന്നും റിമ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിനെത്തുടർന്ന് രൂപീകരിച്ച സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയിലെ സജീവ സാന്നിധ്യമാണ് റിമ കല്ലിങ്കൽ.
ഇന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ വിധി വന്നത് പിന്നാലെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൂടാതെ, കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിടുകയും ചെയ്തു. ഗൂഢാലോചന നടത്തിയതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.



Be the first to comment