നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ശക്തി പകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമയിൽ നീതിക്കുവേണ്ടിയുള്ള സമരം ഇപ്പോഴത്തെ വിധിയോടെ അവസാനിക്കുന്നില്ല. അതിജീവിതക്കും സിനിമയിലെ സ്ത്രീ അവകാശങ്ങളുടെയും കൂടെയായിരിക്കും സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു.
അതിജീവത ഉയർത്തിയ സത്യന്റെയും സ്ത്രീ സുരക്ഷയുടെയും പതാക. അത് ഉയർത്തിപ്പിടിക്കാൻ സിനിമാരംഗത്തെ കൂടുതൽ പേർ രംഗത്തുവരും. നിയമ പോരാട്ടങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. കേസിൽ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ പ്രതിയാക്കാൻ പോലീസ് ഗൂഢാലോചന നടത്തിയെന്നും തന്റെ ജീവിതം തകർക്കാൻ ശ്രമം നടന്നുവെന്നും ദിലീപ് കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.



Be the first to comment