നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. അമ്മ സംഘടന ഓദ്യോഗിക നിലപാട് അറിയിക്കുമെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നടി രഞ്ജിനി പറഞ്ഞു. തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും രഞ്ജിനി ആരോപിച്ചു.
ഇതിനിടെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കലും രമ്യ നന്പീശനും രംഗത്തെത്തി. എപ്പോഴത്തേക്കാളും കരുത്തോടെ, ഇപ്പോൾ അവൾക്കൊപ്പമെന്ന് റിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അവൾക്കൊപ്പം എന്നായിരുന്നു രമ്യ നന്പീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപിനെ വെറുതേവിട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് നാദിർഷയും രംഗത്തെത്തി. സത്യമേവ ജയതേയെന്നാണ് നാദിർഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
അതേസമയം കേസിൽ അതിജീവിതയ്ക്ക് പൂർണമായി നീതി കിട്ടിയില്ലെന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സർക്കാർ അപ്പീൽ പോകുമെന്നും നിയമമന്ത്രി പി രാജീവ് പ്രതികരിച്ചു. ചില പ്രതികൾ ശിക്ഷിക്കപ്പെട്ടതും ചിലർ ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. പോലീസ് ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ ആരോപണം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളി.



Be the first to comment