മുംബൈ: ചെറുകിട, ഇടത്തരം ഓഹരികളില്‍ ലാഭമെടുപ്പ് ശക്തമായതിനെ തുടര്‍ന്ന് കൂപ്പുകുത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്.നിഫ്റ്റി 26,000ല്‍ താഴെയെത്തി.
വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പണവായ്പ നയ അവലോകന യോഗവുമാണ് വിപണിയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പ്രഖ്യാപനം എന്തായിരിക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ വിപണിയില്‍ കരുതലോടെയാണ് ഇടപെടുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് നിഫ്റി സ്മോള്‍കാപ് 100 സൂചിക താഴെ പോകുന്നത്. വ്യാപാരത്തിനിടെ രണ്ടുശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റി മിഡ്കാപ് 100 സൂചികയും നഷ്ടത്തിലാണ്. വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ 438 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ 16 പൈസയുടെ നഷ്ടത്തോടെ 90ന് മുകളിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 90.11 രൂപ നല്‍കണം. കയറ്റുമതിക്കാര്‍ക്ക് രൂപയുടെ മൂല്യം ഇടിയുന്നത് ഗുണം ചെയ്യുമെങ്കിലും ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകും. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഭാരത് ഇലക്ട്രോണിക്സ്, ജെഎസ് ഡബ്ല്യൂ സ്റ്റീല്‍, ജിയോ ഫിനാന്‍ഷ്യല്‍, ശ്രീറാം ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.



Be the first to comment