ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ കുറച്ചുകൂടി കാര്യക്ഷമമാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദിലീപിനെ വെറുതെ വിട്ടതില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇന്നയാളെ ശിക്ഷിക്കണമെന്ന് പറയാന്‍ കഴിയില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.

‘നടിക്കെതിരായ അതിക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ കുറ്റക്കാരാണെന്ന് കണ്ടത്തിയ വിധി ആശ്വാസകരമാണ്. ഒരുസ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരിതമാണ് അതിജീവിതക്ക് ഉണ്ടായത്. അതില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിധി വളരെ സഹായകരമാകും. അന്ന് തൃക്കാക്കര എംഎല്‍എയായ പിടി തോമസിന്റെ ഇടപെടലാണ് ഇങ്ങനെയൊരു പരിസമാപ്തിയിലേക്ക് കേസ് വന്നത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ കേസ് പോലും ഇല്ലാതെ പോകുമായിരുന്നു.

ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുറെക്കൂടി സ്ത്രീ സുരക്ഷ സംസ്ഥാനത്തുണ്ടാകേണ്ടതുണ്ട്. മയക്കുമരുന്ന് വ്യാപനം ഉണ്ടായതോടുകൂടി സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നു. പരാതികളുമായി പോയാല്‍ സ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കാന്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഇന്നത്തെ കാലഘട്ടത്തനുസരിച്ച് അത് മാറേണ്ടതുണ്ട്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകും. കേസില്‍ ഒരാളെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്. പ്രോസിക്യഷന്‍ പരാജയമാണോ എന്നത് പറയേണ്ടത് കോടതിയാണ്. വിധി പകര്‍പ്പ് കണ്ടശേഷമേ അതില്‍ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*