കോടതിയെ ബഹുമാനിക്കുന്നു;നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, പ്രതികരിച്ച് അമ്മ അസോസിയേഷന്‍

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരിച്ച് താരസംഘടനയായ എ എം എം എ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് എ എം എം എയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരസംഘടന പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്‍ ദിലീപിനെ എ എം എം എയില്‍ നിന്ന് പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് താരസംഘടന ദിലീപിനെ പുറത്താക്കിയിരുന്നത്.

എന്നാല്‍ മോഹന്‍ലാലിനെ എ എം എം എയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദിലീപിനെ വീണ്ടും താരസംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ഇത് വിവാദമായതോടെ താരസംഘടനയിലേക്ക് ഇല്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞത്. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കം ആറുപേരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്‌തു. ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന കോടതിയില്‍ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്‌ജി ഹണി എം വർഗീസാണ് വിധി പ്രസ്‌താവിച്ചത്. ആറു വര്‍ഷം നീണ്ട വിചാരണയ്‌ക്കോടുവിലാണ് വിധി.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്.

തന്നെ കേസിൽപെടുത്തിയാണെന്നും തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും കള്ളക്കഥയാണ് കോടതിയില്‍ വാദിച്ചതെന്നും ദിലീപ് പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോടാണ് ദിലീപ് പ്രതികരിച്ചത്.

കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ഇവരെ കാക്കനാട് ജയിലേക്കാണ് മാറ്റുക. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെയാണ് വെറുതെ വിട്ടത്.

രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണ് ഇന്ന് (ഡിസംബര്‍ 8) അന്തിമ വിധി വന്നിരിക്കുന്നത്. വിചാരണയ്ക്കിടെ 28 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്.

കൃത്യവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് പങ്കുണ്ടെന്ന് പറഞ്ഞ് 2017 ജൂലൈ പത്തിനാണ് കേസില്‍ ദിലീപ് ജയിലിലാകുന്നത്. 2017 ഒക്ടോബറിൽ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*