ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍

യുകെയില്‍ ജോലിയെടുക്കാതെ ബെനഫിറ്റും വാങ്ങി കഴിയുന്ന യുവാക്കളെ പണിയെടുപ്പിക്കാന്‍ സര്‍ക്കാര്‍ . ജോലിചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് സര്‍ക്കാരിന് തലവേദനയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനിംഗും, ജോബ് ഓഫറും നല്‍കി തൊഴില്‍രഹിതരായ യുവാക്കളെ രംഗത്തിറക്കാന്‍ പദ്ധതി നടപ്പാക്കുന്നത്.

കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഓഫര്‍ നല്‍കുക. ഓഫര്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ ഇവരുടെ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള യുവാക്കള്‍ക്ക് 350,000 പുതിയ ട്രെയിനിംഗ്, തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മക്ഫാഡെന്‍ പ്രഖ്യാപിച്ചു.

ഇത് ഏറ്റെടുക്കാന്‍ തയാറാകാത്തവരുടെ ആനുകൂല്യങ്ങളെ നീക്കം ബാധിക്കുമെന്ന് പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി. ജോലിയും, പഠനവും, ട്രെയിനിംഗും ഇല്ലാതെ നില്‍ക്കുന്ന യുവാക്കളുടെ എണ്ണമേറുന്നത് തടയാനുള്ള ലേബര്‍ പദ്ധതികളുടെ ഭാഗമാണ് ഈ നയം.

16 മുതല്‍ 24 വരെ പ്രായത്തിലുള്ള ഒരു മില്ല്യണ്‍ യുവാക്കള്‍ ഈ വിധം കഴിഞ്ഞ് പോകുന്നുണ്ടെന്നാണ് കണക്ക്. ആറ് മാസ്തതെ വര്‍ക്ക് പ്ലേസ്‌മെന്റ് സ്‌കീമിനായി റേച്ചല്‍ റീവ്‌സ് 820 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. 18 മുതല്‍ 21 വരെ പ്രായത്തിലുള്ളവര്‍ക്കാണ് ഇത് ലഭ്യമാക്കുന്നത്.

ബര്‍മിംഗ്ഹാം, സോളിഹള്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, എസെക്‌സ്, സെന്‍ഡ്രല്‍, ഈസ്റ്റ് സ്‌കോട്ട്‌ലണ്ട്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് വെയില്‍സ് എന്നിവിടങ്ങളിലാണ് പദ്ധതിക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*