എറണാകുളം: സിപിഎമ്മിൻ്റെ കണ്ണൂർ മോഡൽ കിഴക്കമ്പലത്തും നടപ്പിലാക്കാനുള്ള ശ്രമമാണ് ഇന്നലെ നടന്നതെന്ന് ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം ജേക്കബ്. ഇലക്ഷൻ കമ്മീഷനെ പോലും പി വി ശ്രീനിജൻ എം എൽ എ സ്വാധീനിച്ചെന്നും അദ്ദേഹം ആരോപിച്ചു. മറ്റു പാർട്ടികളെപ്പോലെ വിജയത്തെക്കുറിച്ച് അവകാശ വാദങ്ങളില്ലന്നും സാബു എം ജേക്കബ് വ്യക്തമാക്കി.കിഴക്കമ്പലത്ത് കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും പ്രധാന ശത്രു ട്വൻ്റി 20 ആയിരുന്നു. ഈ തെരെഞ്ഞെടുപ്പോടെ ട്വൻ്റി 20 യെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു മുന്നണികളും സഹകരിച്ച് പ്രവർത്തിച്ചതെന്നും സാബു എം ജേക്കബ് ആരോപിച്ചു. രണ്ടു മാസമായി സിപിഎമ്മും കോൺഗ്രസും പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള നേതാക്കളും ഉൾപ്പെടുന്ന വലിയ ഗൂഢാലോചനയാണ് നടന്നത്. ഏതു വിധേനെയും ട്വൻ്റി 20 യെ ഇല്ലാതാക്കുകയെന്നതായിരുന്നു ലക്ഷ്യം. ട്വൻ്റി 20 മത്സരിക്കുന്ന എല്ലായിടങ്ങളിലും കണ്ണൂർ മോഡലിൽ ആക്രമണവും ബൂത്ത് പിടിത്തവും നടത്താൻ തീരുമാനിച്ചിരുന്നു.
ഇത് മുൻകൂട്ടി മനസിലാക്കിയാണ് സംരക്ഷണം ആവശ്യപ്പെട്ട് പത്തോളം ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇത് കോടതി അംഗീകരിക്കുകയും പൊലീസ് സംരക്ഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ബുത്തുകളിൽ വീഡിയോഗ്രാഫി ചിത്രീകരണത്തിനായി 7.5ലക്ഷം രൂപ ഫീസായി അടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാവിലെ മുതൽ എവിടെയും ഇതിനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല. തുടർന്ന് തങ്ങൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ക്യാമറമാൻമാർ എത്തിയത്. എന്നാൽ ഇവർക്ക് വേണ്ടി കമ്മീഷൻ അനുവദിച്ച പാസുകൾ മുക്കിയിരുന്നു. ഇതേ തുടർന്ന് പലർക്കും ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല.ഹൈക്കോടതി ഉത്തരവുകൾ പോലും അട്ടിമറിക്കപ്പെടുകയാണെന്നും സാബു എം ജേക്കബ് ആരോപിച്ചു.
സിപിഎമ്മിൻ്റെ കണ്ണൂർ മോഡൽ മധ്യതിരുവിതാംകൂറിലേക്കും വ്യാപിപ്പിക്കുന്നതിൻ്റെ തെളിവാണിത്. കോൺഗ്രസും സിപിഎമ്മും ചേർന്ന് തെരെഞടുപ്പ് അട്ടിമറിക്കാൻ നടത്തിയ ഗൂഢാലോചന ശ്രമമാണ് പുറത്ത് വന്നത്. കുന്നത്തു നാട്ടിൽ കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും നേതൃത്വം പി വി ശ്രീനിജൻ എംഎൽഎയ്ക്ക് തന്നെയായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് നിന്നാണ് തെരെഞ്ഞെടുപ്പിനെ നേരിട്ടതെന്നുംതെന്നും സാബു എം ജേക്കബ് ആരോപിച്ചു. ഉദ്യോഗസ്ഥരെയും പൊലിസിനെയും നിയന്ത്രിക്കുന്നത് പി വി ശ്രീനിജനാണ്. അദ്ദേഹം പറയുന്നത് അനുസരിച്ചാണ് ഇലക്ഷൻ കമ്മീഷൻ വരെ പ്രവർത്തിക്കുന്നത്. ഇന്നലെ വോട്ട് ചെയ്യാനെത്തിയ തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. ബൂത്തിനുള്ളിൽ വോട്ട് ചെയ്യുന്ന സമയത്ത് തന്നെ പ്രകോപനം സൃഷ്ടിച്ചിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടായതിനാലാണ് തന്നെ ആക്രമിക്കുന്നതിൽനിന്ന് അവർ പിന്മാറിയതെന്നുംതെന്നും സാബു പറഞ്ഞു.



Be the first to comment