‘വെൽ ഡ്രാഫ്റ്റഡ്; പിന്നിൽ ലീഗൽ ബ്രെയിൻ’; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ സംശയം പ്രകടിപ്പിച്ച് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വെല്‍ ഡ്രാഫ്റ്റഡ് പരാതിയായിരുന്നു അതെന്ന് സണ്ണി ജോസഫ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത്. അതിന് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട്. അതിന്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം.

ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉയരുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയായ യുവതിയായിരുന്നു പരാതിയുമായി രംഗത്തെത്തിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ക്കായിരുന്നു യുവതി പരാതി നല്‍കിയത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പരാതിയില്‍ ഉന്നയിച്ചിരുന്നത്. വിവാഹവാഗ്ദാനം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചതായി യുവതി ആരോപിച്ചിരുന്നു.

അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു. ടൗണില്‍ നിന്ന് മാറിയുള്ള ഒരു ഹോം സ്‌റ്റേയില്‍ എത്തിച്ചായിരുന്നു പീഡനം. തന്നെ കൂട്ടാന്‍ കാറുമായി എത്തിയ രാഹുലിനൊപ്പം കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാനും ഉണ്ടായിരുന്നതായും യുവതി ആരോപിച്ചിരുന്നു. രാഹുലിൽ നിന്നേറ്റത് ക്രൂരമായ പീഡനമാണെന്നും അത് മാനസികമായി തളര്‍ത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന് ശേഷം വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഉഴപ്പന്‍ മട്ടിലുള്ള മറുപടിയായിരുന്നു രാഹുലില്‍ നിന്നുണ്ടായതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ തനിക്ക് കിട്ടയ പരാതി സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ബലാത്സംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചായിരുന്നു കേസെടുത്തത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണത്തിന്റെ ചുമതല.

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു രാഹുലിന് കുരുക്കായി രണ്ടാമത്തെ ബലാത്സംഗക്കേസ് വന്നത്. നിലവില്‍ ഒളിവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ബലാത്സംഗക്കേസില്‍ രാഹുലിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു നടപടി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാഹുല്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*